വാഷിംഗ്ടൺ: യുക്രെയ്നിലെ അധിനിവേശത്തിന്റെ ഒന്നാം വർഷികത്തിൽ റഷ്യക്ക് മേൽ പുതിയ ഉപരോധം ഏർപ്പെടുത്തി അമേരിക്ക. റഷ്യയുടെ ലോഹ, ഖനന മേഖലകളെയും ധനകാര്യ സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടാണ് ഉപരോധം. പ്രസിഡന്റ് ജോ ബൈഡൻ യുക്രെയ്ൻ സന്ദർശിച്ച് മടങ്ങി നാലു ദിവസം പിന്നിടുമ്പോഴാണ് യുഎസിന്റെ പ്രഖ്യാപനം.
ജി7 രാജ്യങ്ങളും സഖ്യകക്ഷികളും റഷ്യയിലെ പ്രധാന സാമ്പത്തിക മേഖലകളിൽ ഉപരോധം ഏർപ്പെടുത്തുമെന്ന് യുഎസ് പറഞ്ഞു. യുക്രെയ്ന് 200 കോടി ഡോളറിന്റെ സഹായം പ്രഖ്യാപിക്കുകയും ചെയ്തു. യുക്രെയ്നും അയൽരാജ്യമായ മോൾഡോവയ്ക്കും അവരുടെ ഊർജ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി 550 മില്യൺ ഡോളർ നൽകുമെന്നും യുഎസ് പ്രഖ്യാപിച്ചു. സ്വയം പ്രതിരോധിക്കാനുള്ള യുക്രെയ്നിന്റെ അവകാശത്തോടൊപ്പം നിൽക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു. യുക്രെയ്നൊപ്പം നിന്ന അമ്പതോളം രാജ്യങ്ങളോടുള്ള പ്രതിബദ്ധത ശക്തിപ്പെട്ടുവെന്നും പ്രതിരോധ വകുപ്പ് പറഞ്ഞു.