വാഷിംഗ്ടൺ: ഇന്ത്യയുടെ തൊട്ടടുത്ത രാജ്യങ്ങളായ പാക്കിസ്ഥാനും ശ്രീലങ്കയ്ക്കും ചൈന വായ്പ നൽകുന്നതിൽ ആശങ്കയറിയിച്ച് യുഎസ്. വായ്പകൾ നൽകുന്നതു നിർബന്ധിത ലാഭത്തിന് ചൈന ഉപയോഗിച്ചേക്കാമെന്ന് യുഎസ്. സ്റ്റേറ്റ് ഡിപാർട്ട്മെന്റ് മുതിർന്ന ഉദ്യോഗസ്ഥൻ ഡോണൾഡ് ലു പറഞ്ഞു.
മാർച്ച് ഒന്നു മുതൽ മൂന്നു വരെ മൂന്ന് ദിവസത്തെ ഒൗദ്യോഗിക സന്ദർശനത്തിനായി ലു അടുത്തമാസം ആദ്യം ഇന്ത്യയിലെത്താനിരിക്കെയാണ് അഭിപ്രായപ്രകടനം. ഇന്ത്യ ഉൾപ്പെടുന്ന മേഖലയിലെ രാജ്യങ്ങൾ സ്വന്തം നിലക്ക് തീരുമാനം എടുക്കണമെന്നും ബാഹ്യസമ്മർദ്ദത്തിനു വഴിപ്പെടരുതെന്നുമാണ് യുഎസ് നിലപാടെന്നും അദ്ദേഹം പറഞ്ഞു. ബോർഡ് ഓഫ് ചൈന ഡെവലപ്മെന്റ് ബാങ്ക് (സി.ഡി.ബി) 700 മില്യണ്‍ ഡോളറിന്റെ വായ്പ അനുവദിച്ചതായി പാക്കിസ്ഥാൻ ധനമന്ത്രി ഇഷാക് ദർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.