വർക്കല: യുഎസ് മുൻ പ്രസിഡന്റ് ജോ ബൈഡനെ ശിവഗിരി മഠത്തിലേക്കു ക്ഷണിച്ചതായി ഗുരുധർമ പ്രചാരണ സഭ ജോയിന്റ് സെക്രട്ടറി സ്വാമി വീരേശ്വരാനന്ദ അറിയിച്ചു. വത്തിക്കാനിൽ നടന്ന കൂടിക്കാഴ്ചയിലാണ് സ്വാമി, അദ്ദേഹത്തെ ക്ഷണിച്ചത്.
ചാണ്ടി ഉമ്മൻ എംഎൽഎയും ഒപ്പമുണ്ടായിരുന്നു. ആലുവ അദ്വൈതാശ്രമത്തിൽ നടന്ന ഏഷ്യയിലെ ആദ്യത്തെ സർവമത സമ്മേളനത്തെ കുറിച്ചും അടുത്തകാലത്ത് വത്തിക്കാനിൽ വച്ച് കാലം ചെയ്ത പോപ്പിന്റെ നേതൃത്വത്തിൽ നടന്ന സർവമത സമ്മേളനത്തെ കുറിച്ചും ലോക പ്രാർഥനയായ ദൈവദശകത്തെ കുറിച്ചും സ്വാമി അദ്ദേഹത്തോട് സംസാരിച്ചു.
അമേരിക്കയിൽ സർവ മത സമ്മേളനം സംഘടിപ്പിക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്തു. ക്ഷണം സ്വീകരിച്ച അദ്ദേഹം അടുത്തുതന്നെ ശിവഗിരിയിൽ എത്താമെന്നു സമ്മതിച്ചതായി ശിവഗിരി മഠം അറിയിച്ചു.



