തെൽ അവിവ്: അമേരിക്ക സമർപ്പിച്ച രണ്ടു മാസം നീണ്ടുനിൽക്കുന്ന താൽക്കാലിക വെടിനിർത്തൽ നിർദേശം പഠിച്ചു വരുന്നതായി ഹമാസ്. നിർദേശം ഇസ്രായേൽ അംഗീകരിച്ചതായി അമേരിക്ക അറിയിച്ചു. ഉപരോധം തുടരുന്ന ഗസ്സയിൽ ചുരുക്കം സഹായട്രക്കുകൾക്ക് മാത്രമാണ് ഇസ്രായേൽ അനുമതി നൽകിയതെന്ന് യു.എൻ വ്യക്തമാക്കി.
യുഎസ് പശ്ചിമേഷ്യൻ ദൂതൻ സ്റ്റിവ് വിറ്റ്കോഫ് മുന്നോട്ടുവെച്ച പുതിയ വെടിനിർത്തൽ നിർദേശം ഇസ്രായേൽ അംഗീകരിച്ചതായി അമേരിക്ക. വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലീവിറ്റാണ് ഇക്കാര്യം അറിയിച്ചത്. ഇസ്രായേൽ പിന്തുണക്കുന്ന വെടിനിർത്തൽ നിർദേശമാണ് ഹമാസിന് കൈമാറിയിരിക്കുന്നതെന്നും അവർ പ്രതികരിച്ചു. യുഎസ് സമർപ്പിച്ച നിർദേശം വിലയിരുത്തി വരികയാണെന്ന് ഹമാസും അറിയിച്ചു. രണ്ടു മാസം നീണ്ടുനിൽക്കുന്ന ആദ്യഘട്ടത്തിൽ 10 ബന്ദികൾക്ക് പുറമെ 18 മൃതദേഹങ്ങളും ഹമാസ് കൈമാറണം. ഇതിനു പകരമായി ഗസ്സയിലേക്ക് ആവശ്യമായ സഹായം ഉറപ്പാക്കുകയും നിശ്ചിത ശതമാനം ഫലസ്തീൻ തടവുകാരെ വിട്ടയക്കുകയും ചെയ്യും.



