മോസ്കോ: കഴിഞ്ഞ ദിവസം നടന്ന റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ-യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചർച്ചയിൽ ഇന്ത്യ-പാക് യുദ്ധവും കടന്നുവന്നതായി ക്രംലിൻ വൃത്തങ്ങൾ വ്യക്തമാക്കി. ബുധനാഴ്ചയായിരുന്നു ഇരു നേതാക്കളുടെയും ടെലിഫോൺ വഴിയുള്ള ചർച്ച.
പശ്ചിമേഷ്യയിലെ വിഷയങ്ങളും ചർച്ചയായെന്ന് ക്രെംലിൻ വക്താവിനെ ഉദ്ധരിച്ച് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. എന്നാൽ, വിശദാംശങ്ങൾ ലഭ്യമല്ല. യുദ്ധം അവസാനിപ്പിച്ചത് തന്റെ ഇടപെടൽ മൂലമാണെന്ന് ട്രംപും അങ്ങനെയല്ല, ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ച വഴിയാണെന്ന് ഇന്ത്യയും പറഞ്ഞിരുന്നു.
ഇന്ത്യയുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ പുടിൻ ഇടപെടണമെന്ന് പാകിസ്താൻ പ്രധാനമന്ത്രി ശഹ്ബാസ് ശരീഫ് അഭ്യർഥിച്ചതായി പാക് പ്രധാനമന്ത്രിയുടെ പ്രത്യേക സഹായി സെയ്ദ് താരിഖ് ഫതേമി പറഞ്ഞിരുന്നു.
ചൊവ്വാഴ്ച റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവിനെ മോസ്കോയിൽ കണ്ട ഫതേമി ശരീഫ് പുടിനുള്ള കത്ത് കൈമാറുകയും ചെയ്തു. പ്രശ്നങ്ങൾക്ക് നയതന്ത്ര പരിഹാരം കാണാൻ ഇന്ത്യയും പാകിസ്താനും തമ്മിൽ ചർച്ച സാധ്യമാക്കാനായി പുടിൻ തന്റെ സ്വാധീനം ഉപയോഗിക്കണമെന്നാണ് പാകിസ്താന്റെ ആവശ്യം.



