വാഷിങ്ടൻ : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരായ തന്റെ പോസ്റ്റുകളിൽ ഖേദം പ്രകടിപ്പിച്ച് ഇലോൺ മസ്ക് രംഗത്തെത്തുന്നതിനു മുൻപ് ഇരുവരും ഫോണിൽ സംസാരിച്ചെന്ന് റിപ്പോർട്ടുകൾ. ഡോണൾഡ് ട്രംപിനെ ഇലോൺ മസ്ക് ഫോണിൽ വിളിച്ച് സംസാരിച്ചെന്ന് വൈറ്റ് ഹൗസിലെ പേര് വെളിപ്പെടുത്താത്ത വ്യക്തിയെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്തു. അതേസമയം, തന്റെ പോസ്റ്റുകളിൽ ഖേദം പ്രകടിപ്പിച്ച ഇലോൺ മസ്കിന്റെ നടപടിയെ ഡോണൾഡ് ട്രംപ് അഭിനന്ദിച്ചു. ഇലോൺ മസ്കിന്റെ കമ്പനികൾക്ക് യുഎസ് സർക്കാർ നൽകിയിട്ടുള്ള കരാറുകൾ പുനഃപരിശോധിക്കാൻ ശ്രമം നടത്തിയിട്ടില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് വ്യക്തമാക്കി.
പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെക്കുറിച്ചുള്ള കഴിഞ്ഞ ആഴ്ചയിലെ തന്റെ ചില പോസ്റ്റുകളില്‍ ഖേദമുണ്ടെന്നു അത് വല്ലാതെ അതിരുവിട്ടെന്നുമായിരുന്നു ഇലോൺ മസ്‌ക് എക്‌സില്‍ കുറിച്ചത്. അറപ്പും വെറുപ്പുമുണ്ടാക്കുന്നതാണ് ട്രംപിന്റെ നികുതി ബില്ലെന്നും ഇത് പാസാക്കിയവരെ ജനങ്ങള്‍ കൈകാര്യം ചെയ്യണമെന്നുമുള്ള മസ്കിന്‍റെ പ്രസ്താവനയാണ് വാക്പോരിന് തിരികൊളുത്തിയത്. രാഷ്ട്രീയ സംഭാവനകള്‍ ഇനി നല്‍കില്ലെന്നും താനില്ലായിരുന്നുവെങ്കില്‍ ട്രംപ് തോറ്റ് തുന്നംപാടിയേനെയെന്നും മസ്ക് പറഞ്ഞിരുന്നു. മസ്ക് പറഞ്ഞതിനു ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് എന്‍ബിസി ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ ട്രംപ് തിരിച്ചടിക്കുകയും ചെയ്തു. മസ്കിനോട് സംസാരിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്നും മസ്കിന്‍റെ മാനസിക നില ശരിയല്ലെന്നും പറഞ്ഞ ട്രംപ്, മസ്കിന്റെ കമ്പനികൾക്ക് യുഎസ് സർക്കാർ നൽകിയിട്ടുള്ള കരാറുകൾ പുനഃപരിശോധിക്കുമെന്നും മുന്നറിയിപ്പ് നൽകി.



