പി.പി.ചെറിയാൻ
ന്യൂയോർക് : വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രപും പ്രസിഡന്റ് ജോ ബൈഡനും വീണ്ടും മത്സരിക്കുന്നത് ഭൂരിഭാഗം അമേരിക്കക്കാരും ആഗ്രഹിക്കുന്നില്ലെന്ന് സർവ്വേ ഫലം. എൻബിസി ന്യൂസിന്റേതാണു സർവേ. 14-18 തിയതികളിലായി നടത്തിയ സർവേയിലാണു അമേരിക്കൻ ജനത തങ്ങളുടെ അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്.
യുഎസിൽ നടത്തിയ സർവേയിൽ 1000 പേരാണു പങ്കെടുത്തത്. ഓവൽ ഓഫീസ് തിരിച്ചുപിടിക്കാൻ ട്രംപ് ശ്രമിക്കേണ്ടതില്ലെന്ന് 60 ശതമാനം അമേരിക്കക്കാരും റിപ്പബ്ലിക്കൻമാരിൽ മൂന്നിലൊന്നും കരുതുന്നുവെന്ന് പോൾ കണ്ടെത്തി. മുൻ പ്രസിഡന്റ് പ്രചാരണം നടത്തേണ്ടതില്ലെന്നു കരുതുന്നവരിൽ 30 ശതമാനം പേരും ട്രംപ് ന്യൂയോർക്കിൽ നേരിടുന്ന ക്രിമിനൽ കുറ്റങ്ങളാണു ഒരു പ്രധാന കാരണമായി മുന്നോട്ട് വെക്കുന്നത്.
അതേസമയം 70 ശതമാനം അമേരിക്കക്കാരും ബൈഡൻ രണ്ടാം ടേമിന് ശ്രമിക്കേണ്ടതില്ലെന്നാണ് കരുതുന്നത്. ഇതിൽ 51 ശതമാനം ഡെമോക്രാറ്റുകളാണ്. ബൈഡൻ വീണ്ടും മത്സരിക്കരുതെന്ന് പറഞ്ഞവരിൽ 48 ശതമാനം പേരും അദ്ദേഹത്തിന്റെ പ്രായമാണു ഒരു പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.
മിഡ്‌ടേമുകൾക്ക് തൊട്ടുപിന്നാലെ നവംബറിൽ ട്രംപ് തന്റെ പ്രചാരണം ആരംഭിച്ചു. ബൈഡൻ ഉടൻ പ്രചാരണം തുടങ്ങുമെന്നാണു പ്രതീക്ഷിക്കുന്നത്. റിപ്പബ്ലിക്കൻ പ്രൈമറി വോട്ടർമാരുടെ ആദ്യ ചോയ്‌സായി ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസിനെക്കാൾ മുന്നില്‍ തന്നെയാണു ട്രംപ് നിലവിലുള്ളത്. പൊതുതിരഞ്ഞെടുപ്പിൽ ബൈഡന് വോട്ട് ചെയ്യുമെന്ന് 41 ശതമാനം രജിസ്റ്റേർഡ് വോട്ടർമാർ അറിയിച്ചിട്ടുണ്ട്.