പി.പി.ചെറിയാൻ
വാഷിങ്ടൻ ഡിസി : 2024 ൽ നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നേതൃത്വമാറ്റം അനിവാര്യമാണെന്ന് കരുതുന്നതായി മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന സൂചനയും പെൻസ് നൽകി. വസന്തകാലത്തിന്റെ വരവോടെ ഇതിൽ ഒരു അന്തിമ തീരുമാനമെടുക്കുമെന്നും പെൻസ് പറഞ്ഞു. വ്യക്തമായ തീരുമാനത്തിലെത്താൻ അൽപം കൂടി സമയം വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രംപ്– പെൻസ് ഭരണത്തിൽ സ്വീകരിച്ച തന്ത്രപ്രധാന നയങ്ങളോട് അമേരിക്കൻ വോട്ടർമാർക്ക് ഇപ്പോഴും പൂർണ്ണ യോജിപ്പാണെന്നും പെൻസ് പറഞ്ഞു. ട്രംപിനെതിരെ നടക്കുന്ന അന്വേഷണങ്ങൾ അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വം സങ്കീർണമാക്കും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ ഇപ്പോൾ നടക്കുന്ന അന്വേഷണങ്ങളോടുള്ള എതിർപ്പ് പ്രകടിപ്പിക്കുവാനും പെൻസ് മറന്നില്ല.
2020 ജനുവരിയിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്നതിന്റെ പേരിൽ സ്പെഷൽ കൗൺസിൽ ജാക്ക് സ്മിത്ത് ഗ്രാന്റ് ജൂറിക്ക് മുന്നിൽ വിചാരണയ്ക്ക് ഹാജരാകാൻ പെൻസിന് നിർദേശം നൽകണമെന്ന ആവശ്യം ഫെഡറൽ ജഡ്ജിക്കു മുന്നിൽ ഉന്നയിച്ചതു ഭരണഘടനാ ലംഘനമാണെന്നും പെൻസ് പറഞ്ഞു.
2020 ൽ തന്റെ കൂടെ മത്സരിച്ച സ്ഥാനാർഥിയേക്കാൾ മികച്ച സ്ഥാനാർഥി റിപ്പബ്ലിക്കൻ പാർട്ടിക്ക് ഉണ്ടായിരിക്കുമെന്നും പെൻസ് പറഞ്ഞു.