വാഷിങ്ടണ്‍: ഗര്‍ഭധാരണത്തിന് ആറാഴ്ചക്കുശേഷമുള്ള ഗര്‍ഭഛിദ്രങ്ങള്‍ നിരോധിക്കുന്ന ബില്ലില്‍ ഫ്ലോറിഡയിലെ റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് ഒപ്പുവെച്ചു. ഗര്‍ഭഛിദ്രത്തിനുള്ള നടപടിക്രമങ്ങളില്‍ കാര്യമായ മാറ്റം കൊണ്ടുവരുന്നതാണ് നിയമം. വ്യാഴാഴ്ച രാത്രി ഫ്ലോറിഡയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധി സഭ നിരോധനത്തിന് അംഗീകാരം നല്‍കിയതിനു പിന്നാലെയാണ് ഗവര്‍ണര്‍ ഒപ്പിട്ടത്. ബലാത്സംഗത്തിനിരയായവര്‍ക്കും നിഷിദ്ധ ബന്ധത്തിലൂടെ ഗര്‍ഭം ധരിക്കുന്നവര്‍ക്കും നിയമം ഇളവ് നല്‍കുന്നുണ്ട്.
ബില്ലിനെ അനുകൂലിച്ച് 70 പേരും എതിര്‍ത്ത് 40 പേരും വോട്ട് ചെയ്തു. ഏപ്രില്‍ മൂന്നിന് സംസ്ഥാന സെനറ്റില്‍ ബില്‍ പാസാക്കിയിരുന്നു. നിലവിലുള്ള 15 ആഴ്‌ചത്തെ നിരോധനത്തിനെതിരായ ഹർജിയിൽ സുപ്രീംകോടതി വിധി പുറപ്പെടുവിക്കുന്നതുവരെ നിയമം പ്രാബല്യത്തില്‍ വരില്ല. അതേസമയം നിയമത്തിനെതിരെ വിമര്‍ശകര്‍ രംഗത്തെത്തി. പല സ്ത്രീകളും ഗര്‍ഭിണിയാണെന്ന് അറിയുന്നത് ആറാഴ്ച മുമ്പാണ് എന്നാണ് എതിരാളികള്‍ വാദിക്കുന്നത്. എന്നാല്‍ ഫ്ലോറിഡയിലെ ജനങ്ങളുടെ ജീവിതത്തെയും കുടുംബങ്ങളെയും പിന്തുണക്കുന്നതില്‍ അഭിമാനമുണ്ടെന്ന് ഗവര്‍ണര്‍ പ്രസ്താവനയില്‍ പറഞ്ഞു.
നിയമം മനുഷ്യജീവിതത്തിന്റെ അന്തസ്സിനെ സംരക്ഷിക്കുമെന്നും ഫ്ലോറിഡയെ കുടുംബത്തിന് അനുകൂലമായ ഒരു സംസ്ഥാനമാക്കി മാറ്റുമെന്നും അദ്ദേഹം അവകാശപ്പെട്ടു. യുഎസിലെ സ്ത്രീകള്‍ക്ക് ഗര്‍ഭഛിദ്രത്തിനുള്ള ഭരണഘടനാപരമായ അവകാശം നല്‍കിയ ‘റോ വി വേഡ്’ കഴിഞ്ഞ വര്‍ഷം അസാധുവാക്കിയതിനുശേഷം ഗര്‍ഭഛിദ്രം തേടുന്നവര്‍ക്ക് സുരക്ഷിത താവളമായിരുന്നു ഫ്ലോറിഡ.