പി. പി. ചെറിയാൻ
ടെന്നസി : യുഎസ്എയിലെ ടെന്നസിയില്‍ അതിശക്തമായ ചുഴലിക്കാറ്റിൽ പറന്നുയർന്ന നാലു മാസം പ്രായമുള്ള കുഞ്ഞിനെ മരച്ചില്ലയിൽ നിന്ന് സുരക്ഷിതമായി കണ്ടെത്തി. ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്ത് ആറ് മരണം രേഖപ്പെടുത്തി. ഏതാണ്ട് 35,000 പേര്‍ക്ക് വൈദ്യുതി വിതരണം നഷ്ടപ്പെട്ടു. വീട്ടില്‍ കിടത്തിയ ടെന്നസി സ്വദേശിനിയായ മൂറിന്‍റെ കുഞ്ഞിനെയാണ് ചുഴലിക്കാറ്റിന് ശേഷം ഒരു മരച്ചില്ലയില്‍ നിന്ന് കണ്ടെത്തിയത്. സംഭവത്തെ കുറിച്ച് 22 കാരിയായ മൂര്‍ പറയുന്നതിങ്ങനെ,’ “ചുഴലിക്കാറ്റിന്‍റെ ശക്തി വര്‍ദ്ധിച്ചതോടെ തങ്ങളുടെ താത്കാലിക വീട് രണ്ടായി പിളര്‍ന്നു. പിന്നാലെ ചുഴലിക്കാറ്റിന്‍റെ താഴ്ഭാഗം വീട്ടിനുള്ളിലേക്ക് കയറുകയും കുഞ്ഞിനെ കിടത്തിയ ബാസ്ക്കറ്റോടെ ഉയര്‍ത്തുകയുമായിരുന്നു.’
ചുഴലിക്കാറ്റ് വീശിയടിച്ച് സമയത്ത് മൂറും ഭര്‍ത്താവും ഒരു വയസുള്ള മകൻ പ്രിൻസ്റ്റണുമായിരുന്നു ആ താത്കാലിക വീട്ടിലുണ്ടായിരുന്നത്. ചുഴലിക്കാറ്റിന്‍റെ സഞ്ചാര വഴിയിലുണ്ടായിരുന്ന ഇവരുടെ വീട് കാറ്റ് ശക്തിപ്രാപിച്ചപ്പോള്‍ തന്നെ തകര്‍ന്നു. പിന്നാലെ നാല് മാസം പ്രായമായ കുട്ടിയെ കിടത്തിയ ബാസ്ക്കറ്റ് കാറ്റിന്‍റെ ശക്തിയില്‍ വായുവില്‍ ഉയര്‍ന്നു. ഈ സമയം മൂറിന്‍റെ ഭര്‍ത്താവ് കുട്ടിയെ കിടത്തിയ ബാസ്ക്കറ്റില്‍ പിടിച്ചെങ്കിലും കാറ്റിന്‍റെ ശക്തിയില്‍ അദ്ദേഹം തെറിച്ച് വീഴുകയും കുട്ടിയോട് കൂടി ബാസ്ക്കറ്റ് വായുവിലുയരുകയുമായിരുന്നു. ഒരു വയസുള്ള മൂത്തമകന്‍ പ്രിന്‍സ്റ്റണും മൂറും ഈ സമയം ഒരുമിച്ചായിരുന്നെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്തു.