പി പി ചെറിയാൻ
വാഷിങ്‌ടൻ ഡി സി : മുൻ യുഎൻ അംബാസഡർ നിക്കി ഹേലി റിപ്പബ്ലിക്കൻ പ്രൈമറിയിൽ നിന്ന് പുറത്താകുന്നതിന് ദിവസങ്ങൾക്ക് മുൻപ് പ്രസിഡൻഷ്യൽ ക്യാംപെയ്നായി ശേഖരിച്ച 11.5 മില്യന്‍ ഡോളർ ക്യാംപെയ്ൻ ബാങ്ക് അക്കൗണ്ടിൽ ഉണ്ടായിരുന്നുവെന്ന് ഫെഡറൽ ഇലക്ഷൻ കമ്മീഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ അറിയിച്ചു. അയോവ, ന്യൂഹാംഷർ, സൗത്ത് കാരോലൈന എന്നിവിടങ്ങളിൽ മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനോട് ഹേലി പരാജയപ്പെട്ടിരുന്നു. ഇതിന് ശേഷം പരസ്യങ്ങൾക്കായി ഹേലി വലിയ തുക ചെലവഴിച്ചില്ല.
സ്ഥാനാർഥികൾ സാധാരണയായി മത്സരം അവസാനിപ്പിക്കുന്നത് പണമില്ലാത്തതിനാലാണ്. എന്നാൽ ഹേലിയുടെ പ്രശ്നം അതായിരുന്നില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഫെബ്രുവരിയിൽ ഹേലിയുടെ പ്രചാരണ സംഘം 8.6 മില്യൻ ഡോളർ സമാഹരിച്ചതായി റിപ്പോർട്ട് ചെയ്തു. മത്സരത്തിൽ നിന്ന് പിന്മാറുന്ന വേളയിൽ ഹേലിയുടെ ക്യാംപെയ്ൻ ബാങ്ക് അക്കൗണ്ടിൽ എത്ര തുക അവേശിഷിക്കുന്നുവെന്ന് വ്യക്തമല്ല.