ന്യൂഡൽഹി: ഇന്ത്യക്കാർക്ക് അമേരിക്കൻ വീസ ലഭിക്കാനുള്ള വലിയ കാലതാമസം കുറയ്ക്കാൻ നടപടി തുടങ്ങിയെന്ന് അമേരിക്കൻ എംബസി. ശനിയാഴ്ചകളിലും പ്രത്യേക അഭിമുഖം ആരംഭിച്ചതിനു പുറമെ നിലവിലെ കോണ്‍സുലർ ഓഫീസർമാരുടെ എണ്ണം കൂട്ടുകയും ഡസൻകണക്കിനു താത്കാലിക ജീവനക്കാരെ വിന്യസിക്കുന്നതും ഉൾപ്പെടെയുള്ള ബഹുമുഖ പദ്ധതിക്കു തുടക്കമിട്ടതായി ന്യൂഡൽഹിയിലെ യുഎസ് എംബസി അറിയിച്ചു.
ന്യൂഡൽഹിയിലെ അമേരിക്കൻ എംബസിയും മുംബൈ, ചെന്നൈ, കോൽക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിലെ കോണ്‍സുലേറ്റുകളും കഴിഞ്ഞ ശനിയാഴ്ച മുതൽ വീസ അപേക്ഷകർക്കായി പ്രത്യേക അഭിമുഖം തുടങ്ങി. ബിസിനസ്, ടൂറിസ്റ്റ് വീസ അടക്കം വ്യക്തിഗത അഭിമുഖങ്ങൾ ആവശ്യമുള്ള അപേക്ഷകർക്കായാണു പതിവു ദിവസങ്ങൾക്കു പുറമെ ശനിയാഴ്ചകളും അഭിമുഖങ്ങൾക്ക് അവസരമൊരുക്കിയത്.
ഇനി മുതൽ ആഴ്ചയിൽ ആറു ദിവസവും ഇന്റർവ്യൂകൾ ഷെഡ്യൂൾ ചെയ്യാൻ അധിക സ്ലോട്ടുകൾ ലഭ്യമാകും.അമേരിക്കയിലേക്കു പുതിയ വീസ കിട്ടാൻ മൂന്നുവർഷം വരെ കാത്തിരിപ്പു നീണ്ടതിനെത്തുടർന്നാണു പുതിയ നടപടി. കോവിഡ്-19 മഹാമാരിയെത്തുടർന്നാണ് അമേരിക്കയിലേക്കു വീസ കിട്ടുന്നതിനു പ്രതിസന്ധി സംജാതമായത്. നിലവിൽ യോഗ്യതയുള്ള വീസ ഉള്ളവർക്കു യാത്രാതടസമില്ല.
അമേരിക്കൻ വീസകളുള്ള അപേക്ഷകരെ നേരിട്ടുള്ള അഭിമുഖത്തിൽനിന്നു നേരത്തേ ഒഴിവാക്കിയിരുന്നു. വീസ പുതുക്കാൻ ഓണ്‍ലൈനിലും പ്രത്യേക സെന്ററുകൾ മുഖേനയും അപേക്ഷിക്കുന്നവർക്ക് റിമോട്ട് പ്രോസസിംഗ് നടപ്പാക്കിയിട്ടുണ്ട്.