വാഷിങ്ടൺ: വിദേശരാജ്യങ്ങളിലെ നിരവധി പദ്ധതികൾക്ക് സഹായം നൽകുന്ന യു.എസിന്റെ അന്താരാഷ്ട്ര വികസന ഏജൻസി (യു.എസ് എയ്ഡ്) പിരിച്ചുവിടാനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും ഇലോൺ മസ്കിന്റെയും ശ്രമത്തിന് തിരിച്ചടി. യു.എസ് എയ്ഡിന്റെ ജീവനക്കാർക്ക് നിർബന്ധിത അവധി പ്രഖ്യാപിച്ച ട്രംപിന്റെ ഉത്തരവ് ഫെഡറൽ കോടതി ജഡ്ജി താൽക്കാലികമായി തടഞ്ഞു.
30 ദിവസത്തിനകം യു.എസ് എയ്ഡിന്റെ ജീവനക്കാർ വിദേശ രാജ്യങ്ങളിൽനിന്ന് തിരിച്ചെത്തണമെന്ന ഉത്തരവും ജില്ല കോടതി ജഡ്ജി കാൾ നികോളാസ് റദ്ദാക്കി. ഉത്തരവ് വിദേശ രാജ്യങ്ങളിലുള്ള യു.എസ് എയ്ഡ് ജീവനക്കാരെയും കുടുംബങ്ങളെയും കുട്ടികളെയും അപകടത്തിലേക്കും സാമ്പത്തിക നഷ്ടത്തിലേക്കും നയിക്കുമെന്ന് കോടതി പറഞ്ഞു.
യു.എസ് എയ്ഡ് പെട്ടെന്ന് പൂട്ടുന്നതിന്റെ ഭാഗമായി അടിയന്തര സാഹചര്യങ്ങളിൽ യു.എസ് സർക്കാറുമായി ബന്ധപ്പെടാനുള്ള ജീവനക്കാരുടെ ഇ-മെയിലുകളടക്കം വിച്ഛേദിച്ചതായും കോടതി ചൂണ്ടിക്കാട്ടി. വർഷങ്ങളായി വിദേശ രാജ്യങ്ങളിൽ കഴിയുന്ന പല ജീവനക്കാർക്കും യു.എസിൽ വീടില്ല. ഇവർക്ക് അധ്യയന വർഷത്തിന്റെ പകുതിയിൽ കുട്ടികളെ സ്കൂളിൽനിന്ന് വിടുതൽ വാങ്ങി പെട്ടെന്ന് നാട്ടിൽ തിരിച്ചെത്താൻ ബുദ്ധിമുട്ടാണെന്നും കോടതി നിരീക്ഷിച്ചു. അതേസമയം, 60 വർഷത്തിലേറെയായുള്ള യു.എസ് എയ്ഡ് പൂട്ടാനുള്ള ഉത്തരവ് താൽക്കാലികമായി തടയണമെന്ന ആവശ്യം കോടതി തള്ളി.