വാഷിങ്ടൻ : എച്ച്-1ബി വീസ പ്രോഗ്രാം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് 2024ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയാകാൻ മത്സരരംഗത്തുള്ള ഇന്ത്യൻ-അമേരിക്കൻ വംശജൻ വിവേക് രാമസ്വാമി. ലോട്ടറി സമ്പ്രദായത്തിന് പകരം യഥാർഥ മെറിറ്റോക്രാറ്റിക് പ്രവേശനമാണ് വേണ്ടതെന്നും എച്ച്-1 ബി വീസ ഒരു തരത്തിലുള്ള കരാർ അടിമത്തമാണെന്നും അദ്ദേഹം പറഞ്ഞു.
സാങ്കേതിക വൈദഗ്ധ്യമുള്ള തൊഴിലുകളിൽ വിദേശ തൊഴിലാളികളെ നിയമിക്കാൻ യുഎസ് കമ്പനികളെ അനുവദിക്കുന്ന നോൺ-ഇമിഗ്രന്റ് വീസയാണ് എച്ച്-1ബി വീസ. ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽനിന്ന് ഓരോ വർഷവും പതിനായിരക്കണക്കിന് ജീവനക്കാരെ നിയമിക്കുന്നതിന് യുഎസ് കമ്പനികള്‍ ഈ വീസയെ ആശ്രയിക്കുന്നു. വിവേക് രാമസ്വാമിയുടെ പ്രസ്താവന യുഎസിലും ഇന്ത്യയിലുമുള്ള ടെക്കികളെ ആശങ്കപ്പെടുത്തുന്നതാണെന്നു വിമർശനമുണ്ട്.
വിവേക് രാമസ്വാമി തന്നെ 29 തവണ ഈ വീസ പ്രോഗ്രാം ഉപയോഗിച്ചിട്ടുണ്ട്. 2018 മുതൽ 2023 വരെ, എച്ച്-1ബി വീസയ്ക്ക് കീഴിലുള്ള ജീവനക്കാരെ നിയമിക്കുന്നതിന് രാമസ്വാമിയുടെ മുൻ കമ്പനിയായ റോവന്റ് സയൻസസിന്റെ 29 അപേക്ഷകൾ യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് അംഗീകരിച്ചിരുന്നു. 2021 ഫെബ്രുവരിയിൽ റോവന്റിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ സ്ഥാനം വിവേക് ഒഴിഞ്ഞെങ്കിലും ഈ വർഷം ഫെബ്രുവരി വരെ കമ്പനിയുടെ ഡയറക്ടർ ബോർഡ് അധ്യക്ഷനായി തുടർന്നു.
ഈ വർഷം ജൂലൈയിൽ, എച്ച്-1ബി തൊഴിൽ വീസയിൽ ഉയർന്ന വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികളുടെ വാർഷിക പ്രവേശനം ഇരട്ടിയാക്കാൻ നിർദേശിക്കുന്ന ബിൽ ഇന്ത്യൻ അമേരിക്കൻ കോൺഗ്രസ് അംഗം രാജാ കൃഷ്ണമൂർത്തി അവതരിപ്പിച്ചിരുന്നു.