വാഷിങ്ടൻ : വൈദേശിക ഭീഷണികളെ നേരിടുന്നതിന് ഇസ്രയേലിന്റേതിനു സമാനമായ രീതിയിൽ യുഎസിനും സ്വന്തമായി അയേൺ ഡോം മിസൈൽ പ്രതിരോധ സംവിധാനം ആവശ്യമാണെന്ന് യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയാകാൻ രംഗത്തുള്ള വിവേക് രാമസ്വാമി. അമേരിക്കയുടെ ആഭ്യന്തര സുരക്ഷയ്ക്ക് ഇത്തരമൊരു സംവിധാനം അത്യന്താപേഷിതമാണെന്ന് മലയാളി വേരുകളുള്ള ശതകോടീശ്വരൻ കൂടിയായ വിവേക് രാമസ്വാമി അഭിപ്രായപ്പെട്ടു. മിസൈൽ മേഖലയിൽ റഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ സ്വന്തമാക്കിയിട്ടുള്ള സാങ്കേതിക മികവ് ചൂണ്ടിക്കാട്ടിയാണ്, യുഎസിന് സ്വന്തമായി അയേൺ ഡോം സംവിധാനം ആവശ്യമാണെന്ന് വിവേക് രാമസ്വാമി ചൂണ്ടിക്കാട്ടിയത്.
‘ഹൈപ്പർസോണിക് മിസൈൽ ശേഷിയിൽ യുഎസിനേക്കാൾ മുൻപന്തിയിലാണ് റഷ്യ. ഈ രംഗത്തെ പുത്തൻ വെല്ലുവിളികൾ നമ്മുടെ മാതൃരാജ്യത്തിന് ഭീഷണിയാണ് എന്നതാണ് സത്യം. ആ ഹൈപ്പർസോണിക് മിസൈലുകൾക്ക് ഇന്ന് യുഎസിനെ വരെ ലക്ഷ്യമിടാൻ സാധിക്കും. ഇത്തരം ഭീഷണികൾ നമ്മെ വല്ലാതെ ബാധിക്കും’ – വിവേക് രാമസ്വാമി വിശദീകരിച്ചു. യുഎസിന്റെ ദേശീയ പ്രതിരോധ ബജറ്റിൽ മാതൃരാജ്യത്തെ പ്രതിരോധിക്കുന്നതിന് ഒഴികെ എല്ലാക്കാര്യങ്ങൾക്കും ധാരാളം പണം ചെലവഴിക്കുന്നുണ്ടെന്നും വിവേക് രാമസ്വാമി ചൂണ്ടിക്കാട്ടി.