വാഷിംഗ്ടൺ: അമേരിക്കൻ ദേശീയ രാഷ്ട്രീയത്തിലെ താരതമ്യേന പുതുമുഖങ്ങളായ റിപ്പബ്ളിക്കൻ വൈസ് പ്രസിഡൻ്റ് സ്ഥാനാർഥിയും ഒഹായോ സെനറ്ററമായ ജെ.ഡി വാൻസും ഡെമോക്രാറ്റ് വൈസ് പ്രസിഡൻ്റ് സ്ഥാനാർഥിയും മിനസോട്ട ഗവർണറുമായ ടിം വാൾസും തമ്മിലുള്ള സംവാദം പുരോഗമിക്കുകയാണ്. വളരെ മാന്യവും വ്യക്തവുമായ സംവാദത്തിൽ അതതു പാർട്ടികളുടെ നയപരിപാടികളും നിലപാടുകളുമാണ് ഇരുവരും വിശദീകരിക്കുന്നത്. ഇതുവരെ എന്തെങ്കിലും തരത്തിലുള്ള വ്യക്തി അധിക്ഷേപങ്ങളോ വിവാദ പരാമർശങ്ങളോ ഇരുവരും നടത്തിയിട്ടില്ല.
ഈ സംവാദങ്ങൾ നയങ്ങളിൽ കേന്ദ്രീകരിക്കാൻതന്നെയാണ് മോഡറേറ്റർമാരും ശ്രമിക്കുന്നത്., പക്ഷേ ടെലിവിഷൻ ഒരു ദൃശ്യമാധ്യമമാണ്, ക്യാമറയ്ക്ക് മുന്നിലുള്ള സ്ഥാനാർത്ഥികളുടെ പ്രകടനം തീർച്ചയായും കാഴ്ചക്കാരിൽ പ്രതിധ്വനിക്കും.
വാൽസിനേക്കാൾ മികച്ച രീതിയിൽ സംസാരിക്കുന്നത് ജെ ഡി വാൻസാണ്. മുമ്പു തന്നെ ടെലിവിഷൻ പരിപാടികളിൽ നിരന്തരം പങ്കെടുത്തു പരിചയമുള്ള മികച്ച പ്രഭാഷകനാണ് വാൻസ്. ടെലിവിഷൻ ചർച്ചകളിൽ നിരവധി തവണ പങ്കെടുത്തിട്ടുള്ള വാൻസ് പ്രേക്ഷകരെ കയ്യിലെടുക്കും വിധം മനോഹരമായി തന്നെ സംസാരിക്കുന്നുണ്ട്.
ന്യൂയോർക്ക് സിറ്റിയിലെ സിബിഎസ് ബ്രോഡ്കാസ്റ്റ് സെൻ്ററിലാണ് സംവാദം നടക്കുന്നത്. അമേരിക്കൻ സമയം രാത്രി 9 മണിക്കാണ് സംവാദം ആരംഭിച്ചു.