പി പി ചെറിയാൻ
ഡാലസ് : കോർപ്പറേറ്റ് ആസ്ഥാനത്തെ നൂറുകണക്കിന് ജോലികൾ വെട്ടിക്കുറയ്ക്കാനും യുഎസും കാനഡയും ആസ്ഥാനമായുള്ള വിദൂര തൊഴിലാളികളെ മൂന്ന് ഓഫീസുകളിലേക്ക് മാറ്റാനും വാൾമാർട്ട് പദ്ധതിയിടുന്നു. ഈ നീക്കം ഡാലസ് ആസ്ഥാനത്തെ ജീവനക്കാരിൽ കാര്യമായ പ്രത്യാഘാതം ഉണ്ടാക്കും.
വാൾമാർട്ടിന്റെ ചീഫ് പീപ്പിൾ ഓഫീസർ ഡോണ മോറിസ് അയച്ച ഒരു മെമ്മോയിൽ പറഞ്ഞതിങ്ങനെ – ‘വിദൂരമായി പ്രവർത്തിക്കുന്ന ഡാലസ്, അറ്റ്ലാന്റ, ടൊറന്റോ ഗ്ലോബൽ ടെക് ഓഫീസ് എന്നിവിടങ്ങളിലെ ഞങ്ങളുടെ ഓഫീസുകളിലുള്ള ഭൂരിഭാഗം അസോസിയേറ്റുകളോടും സ്ഥലം മാറ്റാൻ ഞങ്ങൾ ആവശ്യപ്പെടുന്നു’.
ലോകത്തിലെ ഏറ്റവും വലിയ റീട്ടെയിലറും 2.1 ദശലക്ഷം തൊഴിലാളികളുള്ള രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ തൊഴിലുടമയുമാണ് വാൾമാർട്ട്. ഭൂരിഭാഗം അസോസിയേറ്റുരളുടെ സ്ഥലമാറ്റങ്ങളും അർക്കൻസസിലെ ബെന്റൺവില്ലിലുള്ള ആസ്ഥാനത്തേക്കാണ്. ചിലത് സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിലോ ഹോബോക്കണിലോ ഉള്ള ഓഫീസുകളിലേക്കാണ് മാറുന്നത്.
ഈ നീക്കത്തിന്റെ ലക്ഷ്യം കൂടുതൽ ആളുകളെ ഒരുമിച്ച് കൊണ്ടുവരികയും വാൾമാർട്ടിന്റെ സംസ്കാരം ശക്തിപ്പെടുത്തുകയും ജീവനക്കാരുടെ കരിയർ വികസിപ്പിക്കുകയും ചെയ്യുക എന്നതാണെന്ന് മോറിസ് പറയുന്നു. ഈ മാറ്റം ഡാലസിലെ ജീവനക്കാരിൽ കാര്യമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നതിൽ സംശയമില്ല. കാരണം ഇവരിൽ പലർക്കും ദീർഘദൂരം യാത്ര ചെയ്യേണ്ടി വരികയോ പുതിയ ജോലി കണ്ടെത്തേണ്ടതായോ വരാം. വാർത്ത വാൾമാർട്ട് ജീവനക്കാർക്കിടയിൽ വ്യാപകമായ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.