വാഷിംഗ്ടൺ: വേൾഡ് മലയാളി കൗൺസിൽ ദ്വിവത്സര സമ്മേളനത്തോട് അനുബന്ധിച്ച് കിക്കോഫ് സംഘടിപ്പിച്ചു. സഹോദര മലയാളി സംഘടനകളുടെയും നേതാക്കളുടെയും സാന്നിധ്യം കൊണ്ട് സമ്പന്നമായിരുന്നു പരിപാടി. കോൺഫറൻസ് ചെയർമാൻ ഡോ. ബാബു സ്റ്റീഫന്റെ വസതിയിൽ സംഘടിപ്പിച്ച യോഗത്തിൽ WMC ഗ്ലോബൽ പ്രസിഡന്റ് തോമസ് മോട്ടക്കൽ, അമേരിക്ക റീജിയൻ ചുമതലയുള്ള ഗ്ലോബൽ വൈസ് പ്രസിഡന്റ് ഡോ.തങ്കം അരവിന്ദ്, ഗ്ലോബൽ വൈസ് പ്രസിഡന്റ് ( അഡ്മിൻ ) ജെയിംസ് കൂടൽ, ഫ്ലറിഡ പ്രൊവിൻസ് പ്രസിഡന്റ് ബ്ലെസ്സൺ മണ്ണിൽ തുടങ്ങിയ നേതാക്കൾ നേതൃത്വം നൽകി.
ഡോ. ബാബു സ്റ്റീഫൻ ആദ്യക്ഷത വഹിച്ച യോഗത്തിൽ ഫോമ, ഫൊക്കാന തുടങ്ങിയ അമേരിക്കയിലെ പ്രമുഖ സംഘടനകളുടെ നേതാക്കളും പങ്കെടുത്തു. WMC യിൽ പുതിയ അംഗത്വം എടുക്കുന്നതിനും, ബാങ്കോക്കിൽ ബൈനിയൽ കോൺഫെറെൻസിൽ പങ്കെടുക്കാനുള്ള രെജിസ്ട്രേഷനും നിരവധി പേർ തുടക്കം കുറിച്ചു. അമേരിക്കയിൽ ഹൂസ്റ്റെൺ, ന്യൂ ജേഴ്‌സി തുടങ്ങിയ നഗരങ്ങളിൽ ഇത്തരം വിളംബര യോഗങ്ങൾ ഒരുക്കുമെന്ന് നേതാക്കൾ അറിയിച്ചു.