ഫ്‌ളോറിഡ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ദ്വിവത്സര സമ്മേളനത്തിന്റെ കിക്ക്ഓഫ്, ഫ്‌ളോറിഡ പ്രോവിന്‍സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു. സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ച ഫ്‌ളോറിഡ പ്രോവിന്‍സ് പ്രസിഡന്റ് ബ്ലസന്‍ മണ്ണില്‍ തന്റെ ആമുഖ പ്രസംഗത്തില്‍ ജൂലൈ 25 മുതല്‍ മൂന്നു ദിവസം ബാങ്കോക്കില്‍ അരങ്ങേറുന്ന വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പതിനാലാമത് ദ്വിവത്സര സമ്മേളനത്തെപ്പറ്റിയുള്ള ഒരു വിവരണം നല്‍കി. വേള്‍ഡ് മലയാളി കൗണ്‍സിലിനെ ഉന്നതങ്ങളിലെത്തിച്ച ഗ്ലോബല്‍ പ്രസിഡന്റ് തോമസ് മൊട്ടയ്ക്കലും, കോണ്‍ഫറന്‍സ് ചെയര്‍മാന്‍ ഡോ. ബാബു സ്റ്റീഫനും ഈ സമ്മേളനത്തെ ഒരു വന്‍ വിജയമാക്കിത്തീര്‍ക്കുന്നതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആഗോള തലത്തില്‍ നടത്തിവരുകയാണെന്ന് പ്രസ്താവിച്ചു.
പ്രത്യേക ക്ഷണിതാവായി എത്തിയ രാജു മൈലപ്രാ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ന്യൂജേഴ്‌സിയില്‍ നടന്ന പ്രഥമ സമ്മേളനത്തില്‍ പങ്കെടുത്തതിന്റെ അനുഭവങ്ങള്‍ പങ്കുവെച്ചു. ദുബായില്‍ നിന്നെത്തിയ സാജു തുരുത്തേല്‍ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ മിഡില്‍ ഈസ്റ്റ് പ്രവര്‍ത്തനങ്ങളെപ്പറ്റി ഒരു ചെറിയ വിവരണം നല്‍കി.
അന്തര്‍ദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് പങ്കെടുത്ത വനിതകള്‍ക്കെല്ലാം ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.ട്രഷറര്‍ ദീപക് സതീഷ് നന്ദി പ്രകാശിപ്പിച്ചു. ‘സ്‌കൈവേ ബ്രിഡ്ജ് ബാന്റ്’ അവതരിപ്പിച്ച സംഗീത പരിപാടി ആഘോഷങ്ങള്‍ക്ക് ചാരുത പകര്‍ന്നു. കരോളിന്‍ ബ്ലസന്‍ കോര്‍ഡിനേറ്റ് ചെയ്ത ഈ മികവുറ്റ പരിപാടി ഡിന്നോറോടുകൂടി സമാപിച്ചു.