വാഷിംഗ്ടൺ: തായ്‍വാന് ആയുധം വിൽക്കുന്നതിൽ പ്രതിഷേധിച്ച് അമേരിക്കൻ പ്രതിരോധ സ്ഥാപനങ്ങൾക്കെതിരെ ഉപരോധമേർപ്പെടുത്തി ചൈന. ഒരാഴ്ചയ്ക്കുള്ളിൽ, പത്ത് യുഎസ് കമ്പനികൾക്കെതിരെയാണ് ചൈന ഉപരോധമേർപ്പെടുത്തിയത്. ചൈന മൊത്തത്തിൽ 45 യുഎസ് സ്ഥാപനങ്ങൾക്ക് വിലക്കേർപ്പെടുത്തുകയോ പിഴ ചുമത്തുകയോ ചെയ്തു.
17 സ്ഥാപനങ്ങൾക്ക് അനുമതി നിരസിച്ചപ്പോൾ മറ്റ് 28 സ്ഥാപനങ്ങൾ കയറ്റുമതി നിരോധന പട്ടികയിൽ ഉൾപ്പെടുത്തി പിഴ ചുമത്തി. പ്രതിരോധ നിർമ്മാതാക്കളായ ലോക്ക്ഹീഡ് മാർട്ടിൻ, റേതിയോൺ, ജനറൽ ഡൈനാമിക്സ് എന്നിവയുടെ ഉപസ്ഥാപനങ്ങൾക്കാണ് ചൈന ഇന്ന് ഉപരോധമേർപ്പെടുത്തിയതെന്ന് ചൈനയുടെ വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഈ കമ്പനികളെ ഇനി മുതൽ രാജ്യത്തെ എല്ലാ ഇറക്കുമതി, കയറ്റുമതി പ്രവർത്തനങ്ങളിൽ നിന്നും നിരോധിക്കുമെന്നും ചൈനയിൽ ഇവരുടെ നിക്ഷേപം അനുവദിക്കില്ലെന്നും വ്യക്തമാക്കി. ഉപരോധമേർപ്പെടുത്തിയ കമ്പനികളുടെ സീനിയർ മാനേജ്‌മെൻ്റിനെയും രാജ്യത്തേക്ക് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിയതായി ചൈനീസ് സർക്കാർ അറിയിച്ചു. തായ്‍വാൻ മുഴുവൻ ചൈനയുടെ ഭാഗമാണെന്ന് ബീജിംഗ് അവകാശപ്പെടുന്നത്. എന്നാൽ തായ്‌വാൻ സ്വയം ഒരു സ്വതന്ത്ര രാഷ്ട്രമാണെന്നാണ് അമേരിക്കയുടെ വാദം.