ഹൂസ്റ്റണ്‍: സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ വാര്‍ഷിക സമ്മേളനത്തില്‍ ക്ഷണിതാവായി പ്രമുഖ മലയാളി വ്യവസായി തോമസ് മൊട്ടയ്ക്കലും. ആഗോളതലത്തിലെ പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങിലാണ് തോമസ് മൊട്ടയ്ക്കല്‍ പങ്കെടുക്കുന്നത്. ലോക നേതാക്കള്‍, വിവിധ മേഖലകളിലെ പ്രമുഖര്‍, സാമൂഹിക പ്രവര്‍ത്തകര്‍, സാമ്പത്തിക, ബിസിനസ്സ് വിദഗ്ധര്‍ തുടഘങ്ങിയവരാണ് ജനുവരി 16 മുതല്‍ 20 വരെ നടക്കുന്ന വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. അപൂര്‍വമായ ഈ നേട്ടം കൈവരിക്കുന്ന മലയാളി എന്ന സവിശേഷതയും ഇനി തോമസ് മൊട്ടയ്ക്കലിന് സ്വന്തം.
തോമസ് മൊട്ടയ്ക്കലിന്റെ വിവിധ മേഖലകളിലെ നേട്ടങ്ങളെ പരിഗണിച്ചാണ് ക്ഷണിതാവായി തിരഞ്ഞെടുത്തത്. 52 രാഷ്ട്രത്തലവന്മാര്‍ക്കും ഗവണ്‍മെന്റ് മേധാവികള്‍ക്കും 600 ഓളം സിഇഒമാര്‍ക്കും, ബിസിനസ്സ് പ്രമുഖര്‍ക്കും ഒപ്പമാണ് തോമസ് മൊട്ടയ്ക്കല്‍ പങ്കെടുക്കുന്നത്. പത്തനംതിട്ട ഇടയാറന്മുള സ്വദേശിയായ തോമസ് മൊട്ടയ്ക്കല്‍ ആഗോളതലത്തില്‍ തന്നെ ശ്രദ്ധേയമായ ടോമര്‍ ഗ്രൂപ്പ് കമ്പനിയുടെ സിഇഒ ആണ്. തണ്ണീര്‍മുക്കം ബണ്ടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, ദുബായ് ഗ്ലോബല്‍ വില്ലേജ് ഇന്ത്യന്‍ പവലിയന്‍ നിര്‍മാണം തുടങ്ങിയവയ്ക്ക് നേതൃത്വം നല്‍കിയത് തോമസ് മൊട്ടയ്ക്കലാണ്. വേള്‍ഡ് മലയാളി കൗണ്‍സില്‍ മുന്‍ ഗ്ലോബല്‍ വൈസ് പ്രസിഡന്റും അമേരിക്ക റീജിയന്‍ ബിസിനസ് ഫോറം ചെയര്‍മാനുമാണ്.
വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ 53-ാമത് വാര്‍ഷിക യോഗത്തിന്റെ പ്രമേയം ‘വിഘടിച്ച ലോകത്ത് സഹകരണം’ എന്നതാണ്. ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്, യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍, യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റ് റോബര്‍ട്ട മെറ്റ്‌സോല, ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക്-യോള്‍, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ എം റമഫോസ, കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ, സ്‌പെയിന്‍ പ്രധാനമന്ത്രി പെഡ്രോ എന്നിവരും പങ്കെടുക്കും. ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷവ്, സ്മൃതി ഇറാനി, ആര്‍കെ സിംഗ്, മന്‍സുഖ് മാണ്ഡവ്യ എന്നിവര്‍ പങ്കെടുക്കും.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, കര്‍ണാടക മുഖ്യമന്ത്രി ബിഎസ് ബൊമ്മൈ എന്നിവര്‍ വിവിധ സെക്ഷനുകളില്‍ പങ്കെടുക്കും. മുകേഷ് അംബാനി, ഗൗതം അദാനി, എന്‍ ചന്ദ്രശേഖരന്‍, കുമാര്‍ മംഗളം ബിര്‍ള, അഡാര്‍ പൂനവലാ, സജ്ജന്‍ ജിന്‍ഡാല്‍, നാദിര്‍ ഗോദ്റെജ്, രാജന്‍ മിത്തല്‍, സുനില്‍ മിത്തല്‍, സഞ്ജീവ് ബജാജ് തുടങ്ങിയവരാണ് മീറ്റിംഗില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ വ്യവസായ പ്രമുഖര്‍.
മുന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹെന്റി കിസിംഗര്‍, ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് ഗെബ്രിയേസസ്, യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് എന്നിവരും 2023 ഉച്ചകോടിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെത്തും.
പ്രസിഡന്‍ഷ്യല്‍ കാലാവസ്ഥാ ദൂതന്‍ ജോണ്‍ കെറി, ദേശീയ ഇന്റലിജന്‍സ് മേധാവി അവ്രില്‍ ഹെയ്ന്‍സ്, യുഎസ് വ്യാപാര പ്രതിനിധി കാതറിന്‍ തായ്, കൂടാതെ നിരവധി ഗവര്‍ണര്‍മാരും യുഎസിനെ പ്രതിനിധീകരിക്കും.