വാഷിംഗ്ടൺ, ഡിസി : വാഷിംഗ്ടൺ ഡിസി പ്രവിശ്യയിലെ വേൾഡ് മലയാളി കൗൺസിൽ സംഘടിപ്പിച്ച “റിഥം 2024” ശ്രദ്ധേയമായി. ഇന്ത്യയുടെ സാംസ്കാരിക മേളത്തിൻ്റെ ആഘോഷമായ പരിപാടിയിൽ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുമുള്ള വൈവിധ്യമാർന്ന താളങ്ങളും ഈണങ്ങളും പ്രദർശിപ്പിച്ചു. സരൂപ അനിൽ, അംബിക കുമാർ, ആര്യ ജിതിൻ എന്നിവരായിരുന്നു പരിപാടിയുടെ എംസിമാർ.
എൻ്റർടൈൻമെൻ്റ് ചെയർ ദീലീപ് കുമാറിൻ്റെ സ്വാഗത പ്രസംഗത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്. തുടർന്ന് ഡബ്ല്യുഎംസി വാഷിംഗ്ടൺ ഡിസി പ്രവിശ്യ പ്രസിഡൻ്റ് മോഹൻ കുമാർ സംസാരിച്ചു. വേൾഡ് മലയാളി കൗൺസിൽ പോലെയൊരു ആഗോള കൂട്ടായ്‌മയ്ക്ക് ഇന്നത്തെ ലോകത്തുള്ള പ്രാധാന്യത്തെപ്പറ്റി അദ്ദേഹം പറഞ്ഞു. സാംസ്കാരികവും സാമൂഹികവും സാമ്പത്തികവുമായ അതിരുകൾ ഇല്ലാതെയാക്കി ബന്ധങ്ങൾ വളർത്തുന്നതിനും ആഗോള വെല്ലുവിളികൾ അഭിമുഖീകരിക്കുന്നതിനും കൂട്ടായ അഭിവൃദ്ധിക്കും ക്ഷേമത്തിനുമുള്ള അവസരങ്ങൾ പരിപോഷിപ്പിക്കുന്നതിലും ഇത്തരം സംഘടനകളുടെ നിർണായക പങ്ക് അദ്ദേഹം ഊന്നിപ്പറഞ്ഞു.
കേരളത്തിൻ്റെ അഗാധമായ സാംസ്കാരിക പൈതൃകവും സമ്പന്നമായ പാരമ്പര്യങ്ങളും സംരക്ഷിക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും പ്രവാസി സംഘടനകളുടെ സംഭാവനകളെ കുറിച്ച് എംസിമാരിലൊരാളായ സരൂപ അനിൽ എടുത്തുപറഞ്ഞു. മുഖ്യാതിഥി വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വിപി (എ ആർ)
ഡോ. തങ്കം അരവിന്ദ്, വിശിഷ്ഠാതിഥി വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ പ്രസിഡൻ്റ് ജിനേഷ് തമ്പി എന്നിവർ ചേർന്ന് ദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു. വേൾഡ് മലയാളി കൗൺസിൽ ജോയിൻ്റ് കമ്മിറ്റി അംഗങ്ങളായ മോഹൻ കുമാർ, ഡോ. ദിലീപ് കുമാർ, ഡോ. നാരായണൻ വളപ്പിൽ, ഡോ. ജയകുമാർ നായർ എന്നിവർ ഭാഗമായി.
പ്രഗത്ഭ കലാകാരന്മാരും കലാകാരികളും ചേർന്നവതരിപ്പിച്ച പരിപാടികൾ കൈയടി നേടി.
തിരുവാതിര, ഭരതനാട്യം, സിനിമാറ്റിക് ഡാൻസ് തുടങ്ങിയ നൃത്തനൃത്ത്യങ്ങൾ ഏവരുടെയും പ്രശംസ പിടിച്ചെടുത്തു. മുതിർന്ന പൗരന്മാർ അവതരിപ്പിച്ച കാവടി നൃത്തവും യുവ നർത്തകരുടെ നൃത്തവും ശ്രദ്ധേയമായി.
KAGW പ്രസിഡൻ്റ് സുഷമ പ്രവീൺ, KCSMW വൈസ് പ്രസിഡൻ്റ് ഷെല്ലി പ്രഭാകരൻ, ഫൊക്കാന ജനറൽ സെക്രട്ടറി കലാ ഷാഹി എന്നിവരുൾപ്പെടെയുള്ള വിശിഷ്ട കമ്മ്യൂണിറ്റി നേതാക്കൾ പരിപാടിക്ക് തങ്ങളുടെ പിന്തുണ നൽകി.
ഡബ്ല്യുഎംസി സെക്രട്ടറി ഡോ. ജയകുമാർ നായർ വാഷിംഗ്ടൺ ഡിസി പ്രൊവിൻസിനു വേണ്ടി നന്ദി രേഖപ്പെടുത്തി.
ബിന്ദു രാജീവ് ടീമിൻ്റെ നൃത്ത പ്രകടനത്തോടെയാണ് സായാഹ്നം സമാപിച്ചു.
ഡോ. നാരായണൻ വളപ്പിൽ, മാലിനി മേനോൻ, സീത എള്ളത്ത് വളപ്പിൽ, ആര്യ, മൊയ്തീൻ കുട്ടി, അനിൽ തൈവളപ്പിൽ, സുനിൽ തൈവളപ്പിൽ തുടങ്ങിയ എല്ലാ നർത്തകരുടെയും നൃത്തസംവിധായകരുടെയും വിലമതിക്കാനാവാത്ത സംഭാവനകളും പിന്തുണയും ഇല്ലെങ്കിൽ “റിഥം 2024” ൻ്റെ വിജയം സാധ്യമാകുമായിരുന്നില്ല. റഹ്മിയ,
ധനഞ്ജയൻ, പീറ്റ് തൈവളപ്പിൽ, വിശാന്ത് ദിവ്യ, അനിൽ കൃഷ്ണൻകുട്ടി, വിജിലി, സായ, ഷീജ, രാജി, കുട്ടി മേനോൻ, ഷാഹി പ്രഭാകരൻ, അജയകുമാർ കേശവൻ, ബിനി അജയകുമാർ, അംബിക കുമാർ, ആര്യ ജിതിൻ തുടങ്ങി നിരവധി പേരുടെ സമർപ്പണവും പ്രയത്നവും ഈ പരിപാടിക്ക് നിർണായകമായി.
വാഷിംഗ്ടൺ ഡിസി പ്രൊവിൻസിലെ വേൾഡ് മലയാളി കൗൺസിലിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം: https://wmc-bwdc.com.