ന്യുയോർക്ക്: ലോകകേരളസഭ അമേരിക്ക റീജിയൻ പ്രഥമ സമ്മേളനം നടത്താനുള്ള തീരുമാനത്തെ വേൾഡ് മലയാളി കൗൺസിൽ സ്വാഗതം ചെയ്തു.
ജൂൺ ആദ്യം ന്യൂയോർക്കിൽ നടക്കുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള പ്രമുഖർ പങ്കെടുക്കും. നോർക്കയുടെ സഹകരണത്തോടെ നടക്കുന്ന സമ്മേളനത്തിൽ തിരഞ്ഞെടുത്ത പ്രതിനിധികളാണ് അംഗങ്ങളാകുന്നത്. തിരുവനന്തപുരത്ത് നിയമസഭയിൽ നടന്ന ലോക കേരളസഭയുടെ തുടർച്ചയായാണ് ന്യൂയോർക്കിലും പരിപാടി സംഘടിപ്പിക്കുന്നത്. അമേരിക്കയിൽ ആദ്യമായി നടക്കുന്ന ഇത്തരമൊരു സമ്മേളനത്തിന് വേൾഡ് മലയാളി കൗൺസിൽ അടക്കമുള്ള സംഘടനകളുടെ പിന്തുണ തേടിയിട്ടുണ്ട്.
പ്രവാസികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുക, നിക്ഷേപകർക്കായുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുക, വിവിധ വിഷയങ്ങളിൽ ചർച്ചയും സെമിനാറും, ഓപ്പൺ ഫോറം തുടങ്ങിയ പരിപാടികൾ സമ്മേളനത്തിൻ്റെ ഭാഗമായി നടക്കും.
ന്യൂയോർക്കിൽ നടക്കുന്ന പ്രഥമ ലോക കേരളസഭയ്ക്ക് എല്ലാ പിന്തുണയും നൽകുമെന്ന് വേൾഡ് മലയാളി കൗൺസിൽ ഭാരവാഹികളായ ഗ്ലോബൽ ട്രഷററും ലോക കേരള സഭാ അംഗവുമായ ജെയിംസ് കൂടൽ, അമേരിക്ക റീജിയൻ ചെയർമാൻ ഹരി നമ്പൂതിരി, പ്രസിഡൻ്റ് തങ്കം അരവിന്ദ്, സെക്രട്ടറി ബിജു ചാക്കോ എന്നിവർ പറഞ്ഞു.