അനിൽ പെണ്ണുക്കര
ഓരോ ആദരവും ഓരോ അംഗീകാരമാണ്. അത് ഒരു വ്യക്തിയെ ഹൃദയത്തോട് ചേർത്ത് നിർത്തലാണ്. അത് ഭാവിയിലേക്കുള്ള ഒരു ഓർമ്മപ്പെടുത്തലാണ്. ലോകമലയാളികളെ ഒരു ചരടിൽ കോർത്തിണക്കുന്ന വേൾഡ് മലയാളി കൗൺസിൽ ന്യൂഡൽഹിയിൽ സംഘടിപ്പിച്ച ത്രിദിന ഗ്ലോബൽ കോൺഫറൻസിൽ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുവാനെത്തിയത് മിസ്സൂറി സിറ്റി മേയറും മലയാളിയുമായ റോബിൻ ഇലക്കാട്ട് ആയിരുന്നു. ഇത് ഒരു മാതൃകയാണെന്ന് സൂചിപ്പിക്കാനാണ് ഈ കുറിപ്പ്.
സാധാരണ പ്രവാസി മലയാളി സമ്മേളനങ്ങളുടെ ആകർഷണം നാട്ടിലെ രാഷ്ട്രീയക്കാരായിരിക്കും. പതിവിലും വ്യത്യസ്തമായി വേൾഡ് മലയാളി കൗൺസിൽ ഈ സമ്മേളനത്തിൽ മലയാളികൾക്ക് അഭിമാനകരമായ ഒരു പദവിയിലേക്ക് ഉയർന്ന ഒരാളെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുവാൻ തിരഞ്ഞെടുത്തതിലെ യുക്തി അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ മലയാളി സംഘടനകൾ മാതൃകയാക്കേണ്ടതാണ്. രണ്ട് തവണ മികച്ച വിജയം കരസ്ഥമാക്കിയാണ് റോബിൻ ഇലക്കാട്ട് മിസ്സൂറി സിറ്റി മേയറായി വിജയിച്ചത്. പ്രവാസ ദേശങ്ങളിൽ ഇത്തരം പദവികളിലേക്ക് ഉയർത്തപ്പെടുക എന്നത് ഒട്ടും നിസ്സാരമായ കാര്യമല്ല. അമേരിക്കയിലെ തന്നെ വിവിധ പദവികളിലേക്ക് കടന്നു വന്ന മലയാളി സാന്നിദ്ധ്യങ്ങളുടെ നിര തന്നെ നോക്കു. ഹൃദയം കൊണ്ട് ഓരോ മലയാളിയും നെഞ്ചോട് ചേർക്കേണ്ട വ്യക്തിത്വങ്ങൾ.
മിസ്സൂറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്, ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി. ജോർജ്, സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു, ഫോർട്ട് ബെൻഡ് കൗണ്ടി ജുഡീഷ്യൽ ഡിസ്ട്രിക്ട് ജഡ്ജ് സുരേന്ദ്രൻ പട്ടേൽ, ടൗൺ ഓഫ് സണ്ണി വെയ്ൽ മേയർ സജി ജോർജ്, ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് ജൂലി മാത്യു ഇല്ലിനോയ്സ് സ്റ്റേറ്റ് റപ്രസെന്റിറ്റീവ് കെവിൻ ഓലിക്കൽ, ന്യൂയോർക്ക് സെനറ്റർ കെവിൻ തോമസ് തുടങ്ങിയ മലയാളി പ്രതിഭകളുടെ നിര നീളുകയാണ്. അമേരിക്ക ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയർന്ന രാഷ്ട്രീയ, ഔദ്യോഗിക പദവികളിൽ എത്രയോ മലയാളി വ്യക്തിത്വങ്ങളെ നമുക്ക് ഇനിയും കണ്ടെത്താനാവും.
വിവിധ രാഷ്ട്രങ്ങളിലെ സമുന്നതമായ പദവികളിൽ പ്രശോഭിക്കുന്ന വ്യക്തിത്വങ്ങളെ പ്രവാസി സംഘടനകളുടെ പ്രധാന പരിപാടികളുടെ അതിഥികളായി അവതരിപ്പിക്കുന്നതിന്റെ മെച്ചം ഈ സംഘടനകൾ വിവിധ രാജ്യങ്ങളുടെ രാഷ്ട്രീയ സാമൂഹ്യ തലങ്ങളിലേക്ക് അടയാളപ്പെടുത്തുവാൻ വഴിയൊരുക്കും എന്നതാണ്. സ്വന്തം ഭാഷയുടെ അംഗീകാരം അവരുടെ ജീവിതത്തിലെ മറക്കാത്ത ഏടുകൾ കൂടിയാവും എന്നതിൽ സംശയമില്ല. “ഈ ആദരവ് ജീവിതത്തിലെ മികച്ച ഒരു സന്ദർഭമാണ്. മിസൂറി സിറ്റി മേയറായി വിജയിച്ച് നാട്ടിലെത്തിയ സമയത്ത് കേരള ഗവർണർ ശ്രീ. ആരിഫ് മുഹമ്മദ് ഖാൻ, കേരള നിയമ സഭ, തിരുവിതാംകൂർ കൊട്ടാരം, വിവിധ സഭകൾ, സാംസ്കാരിക സംഘടനകൾ, ഇപ്പോൾ വേൾഡ് മലയാളി കൗൺസിൽ എന്നിവ നൽകിയ ഓരോ ആദരവും ഒരു മലയാളി ലോകത്തിന്റെ നെറുകയിൽ നിൽക്കുന്നതിനേക്കാൾ വിലപ്പെട്ടതാണ്. ഇത് ഒരു മാതൃകയായി ലോകത്തുള്ള എല്ലാ പ്രവാസി സംഘടനകളും കരുതണം.” റോബിൻ ഇലക്കാട്ട് പറയുന്നു.
അമേരിക്കയിൽ ആയാലും ലോകത്തിന്റെ ഏത് കോണിലായാലും രാഷ്ട്രീയ രംഗത്തേക്ക്, ഔദ്യോഗിക രംഗത്തേക്ക് നിരവധി മലയാളികൾ നേതൃത്വ പരമായി വളർന്നു വരുന്നു. അവരിലൂടെ ഈ സംഘടനകളുടെ യുവ തലമുറയ്ക്ക് രാഷ്ട്രീയ പ്രവേശം ഉൾപ്പെടെയുള കാര്യങ്ങൾ ലളിതമാകും എന്നാണ് ഞാൻ കരുതുന്നത്”
ഇതൊരു തുടക്കമാണ്. കേരളത്തിൽ ജനിച്ചു വളർന്ന് ലോകത്തിന്റെ നെറുകയോളം നടന്നുകയറിയ, പുതിയ തലമുറയ്ക്ക് ആത്മ വിശ്വാസം നൽകുന്ന ഭാവിയുടെ ലോക നേതാക്കൻമാരുടെ വിജയത്തിന്റെ തുടക്കം. ഈ തുടക്കത്തെ ഹൃദയം കൊണ്ട് സ്വീകരിച്ച വേൾഡ് മലയാളി കൗൺസിലിന്റെ ഭാരവാഹികളായ ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള, പ്രസിഡന്റ് ടി.പി.വിജയൻ ട്രഷറർ ജെയിംസ് കൂടൽ എന്നിവർക്ക് അഭിനന്ദനങ്ങൾ.