വാഷിംഗ്ടണ്‍: ഇസ്രയേലിനെതിരെ ഇറാന്‍ നടത്തിയ ആക്രമണത്തെ വിമര്‍ശിച്ച് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താനായിരുന്നു പ്രസിഡന്റെങ്കില്‍ ഇത്തരം ആക്രമണം നടക്കില്ലായിരുന്നുവെന്നും ട്രംപ് അവകാശപ്പെട്ടു.
ഏപ്രില്‍ ഒന്നിന് ഡാമസ്‌കയിലെ കോണ്‍സുലേറ്റിലുണ്ടായ ആക്രമണത്തിനുള്ള മറുപടിയായാണ് ഇറാന്‍ ഇസ്രായേലിനെതിരെ ഡസന്‍ കണക്കിന് ഡ്രോണുകളും മിസൈലുകളും വിക്ഷേപിച്ചത്. ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് പറയുന്നതനുസരിച്ച് ഞായറാഴ്ച പുലര്‍ച്ചെ ഇറാന്‍ 200ലധികം മിസൈലുകളും ഡ്രോണുകളുമാണ് വിക്ഷേപിച്ചത്.
ഇസ്രായേലിന്റെ കോണ്‍സുലേറ്റ് ആക്രമണത്തില്‍ ഏഴ് റവല്യൂഷണറി ഗാര്‍ഡുകള്‍ ഉള്‍പ്പടെ രണ്ട് കമാന്റര്‍മാരും ആറ് സിറിയന്‍ സിവിലിയന്‍ ഗാര്‍ഡുമാരും കൊല്ലപ്പെട്ടിരുന്നു.
ഇസ്രായേലിനു നേരെ വന്ന ഭൂരിഭാഗം മിസൈലുകളും ഡ്രോണുകളും സൈന്യം തടഞ്ഞുവെന്നും എന്നാല്‍ ചെറിയ നാശനഷ്ടങ്ങള്‍ ഉണ്ടയാതായും ഡിഫന്‍സ് ഫോഴ്‌സ് വ്യക്തമാക്കി.
ഇറാന്‍ ആക്രമണത്തിന് പിന്നാലെ അമേരിക്ക ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. ഇസ്രായേലിന്റെ കൂടെ രാജ്യം നില്‍ക്കുകയും ഇറാനില്‍ നിന്നുള്ള ഭീഷണികള്‍ക്കെതിരെയുള്ള അവരുടെ പ്രതിരോധത്തെ പിന്തുണയ്ക്കുകയും ചെയ്യുമെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. അതിനു പിന്നാലെയാണ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന വന്നത്. ഇറാന്‍ ആക്രമണവുമായി ബന്ധപ്പെട്ട് ബൈഡന്‍ രാജ്യത്തെ അഭിസംബോധന ചെയ്തതിനെയും ഡൊണാള്‍ഡ് ട്രംപ് വിമര്‍ശനത്തില്‍ ഉയര്‍ത്തിപ്പിടിച്ചു.
ടേപ്പ് ചെയ്ത പ്രസംഗങ്ങളുടെ സമയമല്ല എന്നാണ് ട്രൂത്ത് ആപ്പില്‍ പോസ്റ്റ് ചെയ്ത കമന്റില്‍ പറഞ്ഞത്. അദ്ദേഹത്തിന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റ് വായിച്ചതിനുശേഷമാണ് ബൈഡന്റെ ഹാന്‍ഡ്ലര്‍മാര്‍ തന്റെ ടേപ്പ് ചെയ്ത പ്രസംഗം പുറത്തുവിടരുതെന്ന് ബൈഡനെ ബോധ്യപ്പെടുത്തിയതെന്നും ആപ്പില്‍ കുറിച്ചു.
ദൈവം ഇസ്രായേല്‍ ജനതയെ അനുഗ്രഹിക്കട്ടെയെന്നും അവര്‍ ഇപ്പോള്‍ ആക്രമണത്തിനിടയിലാണെന്നും പറഞ്ഞ ട്രംപ് അമേരിക്ക ഇസ്രായേലിന് ഒപ്പമുണ്ടെന്നും താന്‍ അധികാരത്തിലായിരുന്നെങ്കില്‍ ഇതുപോലെ ഒരു ആക്രമണം ഉണ്ടാകില്ലെന്നും ട്രംപ് കുറിച്ചു.