Thursday, December 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഅധികം വൈകാതെ ഇറാന്‍ ഇസ്രായേലിനെ ആക്രമിച്ചേക്കുമെന്ന് ബൈഡന്റെ മുന്നറിയിപ്പ്

അധികം വൈകാതെ ഇറാന്‍ ഇസ്രായേലിനെ ആക്രമിച്ചേക്കുമെന്ന് ബൈഡന്റെ മുന്നറിയിപ്പ്

വാഷിംഗ്ടണ്‍ : ഇരുപത്തിനാല് മണിക്കൂറിനകം ഇറാന്‍ ഇസ്രായേലിനെ ആക്രമിച്ചേക്കുമെന്ന് മുന്നറിയിപ്പ്. ഡമാസ്‌കസിലുള്ള ഇറാന്‍ എംബസിയിലെ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ പ്രതികാര നടപടിയുണ്ടാകുമെന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു. നാളെയോടെ ഇറാന്റെ ആക്രമണമുണ്ടാവുമെന്ന് യുഎസും മറ്റ് രഹസ്യാന്വേഷണ ഏജന്‍സികളും മുന്നറിയിപ്പ് നല്‍കുന്നു.

യുഎസ് പ്രസിഡന്റ് ബൈഡനും ഈ ആശങ്ക പങ്കുവെച്ചു.ആക്രമണം ഉണ്ടാകരുതെന്നും അദ്ദേഹം പ്രതികരിച്ചു. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ഡ്രോണുകളും മിസൈലുകളും ഇസ്രായേല്‍ മണ്ണില്‍ ആക്രമണം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അതിര്‍ത്തികളില്‍ നിന്ന് 2000 കിലോമീറ്റര്‍ അകലെവരെ ആക്രമണം നടത്താന്‍ ശേഷിയുള്ള ബാലിസ്റ്റിക്, ക്ര്യൂസ് മിസൈലുകള്‍ ഇറാന്റെ പക്കലുണ്ടെന്നും രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ഇസ്രായേലിനെ സഹായിക്കാനും പ്രദേശത്ത് വിന്യസിച്ചിരിക്കുന്ന അമേരിക്കന്‍ സേനയെ സംരക്ഷിക്കാനും യു എസ് കൂടുതല്‍ സൈനികവ്യൂഹത്തെ അയച്ചു. ഇതിന്റെ ഭാഗമായി യു എസ് എസ് കാര്‍ണെ അടക്കം രണ്ട് കപ്പലുകള്‍ മെഡിറ്ററേനിയന്‍ കടലിലേയ്ക്ക് അയച്ചു. ആക്രമണത്തെ ചെറുക്കാനുള്ള നയതന്ത്ര നീക്കങ്ങളും അമേരിക്ക ശക്തമാക്കി. അടിയന്തര ചര്‍ച്ചകള്‍ക്കായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് മേധാവി ജനറല്‍ മൈക്കല്‍ കുറില്ലയെയും ബൈഡന്‍ ഇസ്രായേലിലേക്ക് അയച്ചിരിക്കുകയാണ്.

ദമാസ്‌കസിലെ കോണ്‍സുലേറ്റിലുണ്ടായ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ രണ്ട് ജനറലുകള്‍ ഉള്‍പ്പെടെ ഏഴുപേര്‍ കൊല്ലപ്പെട്ടതില്‍ പ്രതികാര നടപടിയുണ്ടാകുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പിന്നാലെ ഇസ്രായേല്‍ സുരക്ഷ ശക്തമാക്കുകയും കൂടുതല്‍ സേനയെ വിന്യസിക്കുകയും ചെയ്തു. സൈനികര്‍ക്ക് ഹോം ലീവ് റദ്ദാക്കിയതിന് പുറമെ വ്യോമ പ്രതിരോധം ശക്തിപ്പെടുത്തുകയും ചെയ്തു. ജിപിഎസ്-നാവിഗേഷന്‍ സംവിധാനമുള്ള ഡ്രോണുകളോ മിസൈലുകളോ രാജ്യത്തിന് നേരെ തൊടുത്തുവിടാന്‍ സാദ്ധ്യതയുള്ളതിനാല്‍ ഇവയെ തടസപ്പെടുത്തുന്നതിനായി ടെല്‍ അവീവിന് മുകളിലൂടെ നാവിഗേഷന്‍ സിഗ്‌നലുകള്‍ നിരത്തിയിരിക്കുകയാണ് ഇസ്രായേല്‍.

എയര്‍ ഇന്ത്യാ വിമാനങ്ങള്‍ ഇറാന്‍ വ്യോമാതിര്‍ത്തി ഒഴിവാക്കുന്നു

സംഘര്‍ഷം കണക്കിലെടുത്ത് എയര്‍ ഇന്ത്യാ വിമാനങ്ങള്‍ ഇറാന്‍ വ്യോമാതിര്‍ത്തി ഒഴിവാക്കുകയാണ്. ലണ്ടനിലേയ്ക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യ വിമാനം ഇറാന്‍ വ്യോമാതിര്‍ത്തി ഒഴിവാക്കി കൂടുതല്‍ ദൂരം സഞ്ചരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. യൂറോപ്പിലേക്ക് പോകുന്ന എല്ലാ എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്കും ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാന്‍ രണ്ട് മണിക്കൂര്‍വരെ കൂടുതല്‍ സമയം വേണ്ടിവരുമെന്ന് അധികൃതര്‍ അറിയിക്കുന്നു. അതേസമയം, പശ്ചിമേഷ്യയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനങ്ങള്‍ ഇറാനിയന്‍ വ്യോമാതിര്‍ത്തിയുടെ തെക്ക് ഭാഗത്തുകൂടി പറക്കുന്നതിനാല്‍ സംഘര്‍ഷം ബാധിക്കില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments