വാഷിങ്ടൻ• അഞ്ചു മണിക്കൂറെടുത്ത്, യുദ്ധം നടക്കുന്ന യുക്രെയ്ൻ സന്ദർശിച്ച യുഎസ് പ്രസിഡന്റ് ജോ ബൈഡൻ കീവിൽ എത്തുന്നതിനു മണിക്കൂറുകൾക്കുമുൻപ് റഷ്യയെ വിവരം അറിയിച്ചിരുന്നതായി റിപ്പോർട്ട്. ഫെബ്രുവരി 24ന് യുക്രെയ്ന്റെ മേൽ റഷ്യ നടത്തുന്ന യുദ്ധം ഒരു വർഷം പൂർത്തിയാകും. ഇതിനു മുന്നോടിയായാണ് ബൈഡന്റെ യുക്രെയ്ൻ സന്ദർശനം.
യുദ്ധത്തിൽ യുക്രെയ്ന് ഇനിയും 500 മില്യൺ യുഎസ് ഡോളർ തുകയ്ക്കുള്ള സഹായം നൽകുമെന്നും ബൈഡൻ കീവിൽ പ്രഖ്യാപിച്ചു. ഇതിൽ ആയുധങ്ങളും വെടിക്കോപ്പുകളും വ്യോമപ്രതിരോധ സംവിധാനങ്ങളും ഉൾപ്പെടുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
അതേസമയം, ബൈഡനെ കീവിൽ രക്ഷിച്ചത് യുക്രെയ്ന്റെ ആയുധങ്ങളല്ല മറിച്ച് റഷ്യയുമായി അവസാനവട്ടം നടത്തിയ ചർച്ചയാണെന്ന വിവരമാണു പുറത്തുവരുന്നത്. ഞായറാഴ്ചയാണു ബൈഡൻ വാഷിങ്ടനിൽനിന്നു പോന്നത്. എന്നാൽ വൈറ്റ് ഹൗസിന്റെ ഷെഡ്യൂളിൽ അദ്ദേഹം യുഎസിൽത്തന്നെയുണ്ടെന്നാണ് കാണിച്ചിരുന്നത്. ഞായറാഴ്ച യുഎസിൽനിന്നു ബൈഡൻ പോയത് ചൊവ്വാഴ്ചയെത്തേണ്ട പോളണ്ടിലേക്കാണ്. പിന്നീട് പോളണ്ടിന്റെ അതിർത്തിയിൽനിന്ന് കീവിലേക്ക് 10 മണിക്കൂർ നീണ്ട ട്രെയിൻ യാത്ര നടത്തുകയായിരുന്നു.
യുക്രെയ്നിൽ എത്തുന്നതിനു മണിക്കൂറുകൾക്കു മുൻപു വൈറ്റ് ഹൗസ് വിവരം റഷ്യയെ അറിയിക്കുകയായിരുന്നു. ബൈഡൻ സന്ദർശനം നടത്തുന്നതിനിടെ എയർ റെയ്ഡ് സൈറണുകൾ ശബ്ദിച്ചു. ബെലാറൂസില്‍നിന്ന് റഷ്യയുടെ മിഗ്–31 യുദ്ധവിമാനം പറന്നുയർന്നതിന്റെ സൂചനയായിരുന്നു അത്. ഈ യുദ്ധവിമാനത്തിൽ കിൻഴാൽ ഹൈപ്പർസോണിക് മിസൈൽ ഉണ്ടെന്നും ഇവ വെടിവച്ചിടാൻ യുക്രെയ്നിന് സാധിക്കില്ലെന്നും യുക്രെയ്ൻ വ്യോമസേന വക്താവ് മാധ്യമപ്രവർത്തകരോടു പറഞ്ഞതായും റിപ്പോർട്ടുണ്ട്.
അതേസമയം, യുഎസ് പ്രസിഡന്റ് യുക്രെയ്നിൽ ഉള്ള സമയം ആക്രമണം നടത്താതിരിക്കാനുള്ള ‘മഹാമനസ്കത’ തങ്ങൾ കാട്ടിയെന്നാണ് റഷ്യൻ നിലപാട്. അമേരിക്കൻ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ബൈഡന്റെ ‘ധൈര്യമായിരുന്നു’ അതെന്നും റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, യുദ്ധത്തിൽ യുക്രെയ്നും പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിക്കും പൂർണ പിന്തുണയും ബൈഡൻ കീവിൽവച്ച് വാഗ്ദാനം ചെയ്തിരുന്നു. ‘‘ഒരു വർഷത്തിനു ശേഷവും കീവ് നിവർന്നു നിൽക്കുന്നു, യുക്രെയ്ൻ നിവർന്നു നിൽക്കുന്നു, ജനാധിപത്യവും നിവർന്നു നിൽക്കുന്നു. ഏകദേശം ഒരു വർഷം മുമ്പ് പുട്ടിൻ തന്റെ അധിനിവേശം ആരംഭിച്ചപ്പോൾ, യുക്രെയ്ൻ ദുർബലമാണെന്നും പടിഞ്ഞാറൻ രാജ്യങ്ങൾ വിഭജിക്കപ്പെട്ടതായും അദ്ദേഹം തെറ്റിദ്ധരിച്ചു. ഞങ്ങളെ മറികടക്കാൻ കഴിയുമെന്ന് അദ്ദേഹം കരുതി. പക്ഷേ അദ്ദേഹത്തിനു പൂർണമായും തെറ്റുപറ്റി. യുക്രെയ്നുള്ള ഞങ്ങളുടെ പിന്തുണ ആവർത്തിച്ച് ഉറപ്പു നൽകുന്നതിനാണ് വിപുലമായ ചർച്ചകൾക്കായി ഞാൻ സെലൻസ്കിയുമായും അദ്ദേഹത്തിന്റെ സംഘവുമായും ഇന്ന് കീവിൽ ചർച്ച നടത്തുന്നത്’’ – ബൈഡൻ പറഞ്ഞു.