Friday, January 9, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeArticlesവേർപാടുകൾ അവസാനമല്ല: പ്രിയപ്പെട്ടവരിലേക്കുള്ള ഒരു തിരിച്ചുപോക്ക് (പി. പി. ചെറിയാൻ)

വേർപാടുകൾ അവസാനമല്ല: പ്രിയപ്പെട്ടവരിലേക്കുള്ള ഒരു തിരിച്ചുപോക്ക് (പി. പി. ചെറിയാൻ)

ജീവിതം അതിന്റെ സായന്തനത്തിൽ എത്തിനിൽക്കുമ്പോൾ, ചുറ്റുമുള്ളവരുടെ വേർപാടുകൾ കേവലം വാർത്തകളല്ല, മറിച്ച് നമ്മുടെ തന്നെ ജീവിതത്തിന്റെ നേർച്ചിത്രങ്ങളാണ്. കൂടെ പഠിച്ചവരും സുഹൃത്തുക്കളും ഒരേ മേഖലയിൽ തോളോട് തോൾ ചേർന്ന് പ്രവർത്തിച്ചവരും ഓരോരുത്തരായി യാത്ര പറയുമ്പോൾ, ഈ ലോകമെന്ന വീഥിയിൽ നാം ഒറ്റപ്പെട്ടതുപോലെ തോന്നും.

ഇന്നത്തെ സാഹചര്യത്തിൽ എന്നെ ഏറ്റവും അധികം വേദനിപ്പിക്കുന്നത് രോഗശയ്യയിലായ പ്രിയപ്പെട്ടവർക്ക് നൽകപ്പെടുന്ന അമിതമായ ഒറ്റപ്പെടലാണ്. അണുബാധയുടെയും മറ്റും പേരിൽ പ്രിയപ്പെട്ടവരെ നാലു ചുവരുകൾക്കുള്ളിൽ തളച്ചിടുമ്പോൾ, അവർ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് സ്നേഹിക്കുന്നവരുടെ ഒരു തലോടലോ വാക്കോ ആയിരിക്കും. എന്റെ പിതൃതുല്യനായ വന്ദ്യ വയോധികനും സഹോദരതുല്യനായ സുഹൃത്തും മരണത്തോട് മല്ലിടുമ്പോൾ അവരെ ഒന്ന് കാണാൻ പോലും എനിക്ക് സാധിക്കുന്നില്ല. ശാസ്ത്രീയമായ മുൻകരുതലുകൾ ആവശ്യമാണെങ്കിലും, ഒരു മനുഷ്യന്റെ അവസാന നിമിഷങ്ങളിലെ സമാധാനം തല്ലിക്കെടുത്താൻ നമുക്ക് എന്ത് അവകാശമാണുള്ളത്?

മരണത്തിന് പ്രായമോ സമ്പത്തോ സ്ഥാനമാനങ്ങളോ ഒരു തടസ്സമല്ലെന്ന് ഈയിടെ അന്തരിച്ച എന്റെ കുടുംബസുഹൃത്തുകൂടിയായ അറുപതുകാരിയായ ഡോക്ടറുടെ വേർപാട് എന്നെ ഓർമ്മിപ്പിക്കുന്നു. ആതുരശുശ്രൂഷാ രംഗത്ത് സജീവമായിരുന്ന അവർ പോലും പെട്ടെന്നൊരു ദിവസം യാത്രയായി. ഈ ലോകം എത്രമാത്രം താൽക്കാലികമാണെന്ന ബോധം ഇത്തരം സന്ദർഭങ്ങളിലാണ് നമ്മുടെ ഉള്ളിൽ ഉറയ്ക്കുന്നത്. അതുകൊണ്ടുതന്നെ, മരിച്ചുപോയവരെ ഓർക്കുമ്പോൾ ഇപ്പോൾ എനിക്ക് ദുഃഖമല്ല, മറിച്ച് അവരോട് അല്പം അസൂയയാണ് തോന്നുന്നത്; കാരണം അവർ ഈ ലോകത്തിലെ സകല കഷ്ടപ്പാടുകളിൽ നിന്നും മോചിതരായി സ്വസ്ഥമായി വിശ്രമിക്കുകയാണ്.

ദൈവവിശ്വാസമുള്ള ഒരു വ്യക്തി എന്ന നിലയിൽ മരണം എനിക്ക് ഭയാനകമായ ഒന്നല്ല. എന്റെ മാതാപിതാക്കളും സഹോദരങ്ങളും എന്നെ സ്നേഹിച്ച അനേകം സുഹൃത്തുക്കളും ഇപ്പോൾ ആ മറുകരയിലുണ്ട്. ജീവിതത്തിന്റെ ഭൂരിഭാഗവും പിന്നിട്ട് വിശ്രമിക്കുന്ന ഈ വേളയിൽ, പ്രിയപ്പെട്ടവരുടെ ആ വലിയ കൂട്ടത്തിലേക്ക് ഞാനും ചേരുമെന്ന ചിന്ത എന്നെ ഭയപ്പെടുത്തുന്നില്ല, മറിച്ച് ആശ്വസിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ ലോകത്ത് നാം നേരിടുന്ന അവഗണനയും പരിഹാസവുമില്ലാത്ത, സ്നേഹം മാത്രം നിറഞ്ഞ ഒരിടം അവിടെ ഉണ്ടെന്ന വിശ്വാസം വലിയൊരു ആത്മനിർവൃതി നൽകുന്നു.

മനുഷ്യജീവിതത്തിന് മറ്റൊരു തലമുണ്ട്. ഇവിടെ നാം ഒറ്റപ്പെടുമ്പോഴും, തളർന്നു കിടക്കുമ്പോഴും അങ്ങേത്തലക്കൽ നമ്മെ സ്വീകരിക്കാൻ ഒരു വലിയ വിഭാഗം തയ്യാറായി നിൽക്കുന്നുണ്ട്. ആ സമയം എപ്പോഴാണെന്ന് നമുക്കറിയില്ല. ആരോഗ്യവാനായി നടന്നിരുന്നവർ ഒരു ദിവസം പെട്ടെന്ന് രോഗിയായി കിടപ്പിലാകുമ്പോൾ അനുഭവിക്കുന്ന മാനസിക വേദന വിവരിക്കാനാവാത്തതാണ്. അവർക്ക് വേണ്ടത് മറ്റുള്ളവരുടെ സാമീപ്യമാണ്. അത് നിഷേധിക്കുന്നവർ സ്വന്തം കാര്യത്തിൽ മാത്രം ശ്രദ്ധിക്കുന്നവരാണ്.

നമ്മെക്കാൾ പ്രായമുള്ളവർ ജീവിച്ചിരിക്കുന്നത് കാണുമ്പോൾ നാം ആശ്വാസം കൊള്ളാറുണ്ട്. എങ്കിലും, ഈ ലോകത്തെ എഴുപതോ എൺപതോ വർഷത്തെ ജീവിതത്തിനപ്പുറം മറ്റൊരു ആനന്ദകരമായ ജീവിതം ഉണ്ടെന്ന പുനർചിന്തനം ഇന്ന് ആവശ്യമാണ്. സ്നേഹിക്കപ്പെടാനും സ്നേഹം പങ്കുവെക്കാനും കഴിയാത്ത ഒരിടത്തുനിന്ന്, എന്നെ സ്നേഹിക്കുന്നവർ വിശ്രമിക്കുന്ന ആ മണ്ണിലേക്ക് മടങ്ങാനുള്ള ആഗ്രഹം വർദ്ധിച്ചുവരുന്നു. സമയം വരുവോളം ആ മധുരമായ കാത്തിരിപ്പ് തുടരുകതന്നെ ചെയ്യും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments