ബ്ലെസ്സണ്‍ ഹൂസ്റ്റണ്‍
എന്തിനാണ് കേരളത്തില്‍ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് ഇന്ത്യക്കാര്‍ പ്രത്യേകിച്ച് മലയാളികള്‍ കുടിയേറുന്നത്. മെച്ചമായ ജീവിതമുണ്ടാകാനാണ്. രണ്ടു കൂട്ടരാണ് വിദേശ രാജ്യങ്ങളിലേക്ക് പ്രധാനമായും കുടിയേറുന്നത്. ഒരു കൂട്ടര്‍ ജോലിക്കായും മറ്റൊരു കൂട്ടര്‍ വിദ്യാഭ്യാസത്തിനായിട്ടും. കേരളത്തില്‍ മികച്ച ജോലിയും മെച്ചമായ ജീവിത സൗകര്യാവും നല്ല വിദ്യാഭ്യാസവും കിട്ടാത്തതുകൊണ്ടാണ് അവര്‍ അതുള്ള സ്ഥലത്തേക്ക് പോകുന്നത്. കേരളത്തില്‍ ഈ പറഞ്ഞ കാര്യങ്ങള്‍ കിട്ടാത്തതുകൊണ്ടാണ് അന്യനാട്ടില്‍ പോയി ജീവിക്കുന്നത്. അതിനര്‍ത്ഥം നമ്മെക്കാള്‍ വളര്‍ന്ന നാടാണ് അവരുടേതെന്ന്. സ്വന്തം വീട്ടില്‍ കഴിക്കാനും കുടിക്കാനും വകയുണ്ടെങ്കില്‍ ആരും അന്യരുടെ വീട്ടില്‍ ജോലിക്കു പോകാറില്ല. അതുതന്നെയാണ് വിദേശത്ത് ജോലിക്കുപോകുന്നവരുടെയും സ്ഥിതി. തങ്ങള്‍ക്ക് യോഗ്യത ഉള്ളതുകൊണ്ടാണ് അവിടെ പോകാന്‍ കഴിയുന്നതെന്നും അത് ആരുടെയും ഔദാര്യം കൊണ്ടല്ലെന്നും ചിന്തിക്കുന്നവരാണ് ഇക്കൂട്ടരില്‍ മിക്കവാറും പ്രത്യേകിച്ച് ഇന്ത്യക്കാരും മലയാളികളും. അവിടെ ചെല്ലുന്നവര്‍ക്ക് അവരര്‍ഹിക്കുന്ന പരിഗണ ആ നാട്ടിലെ പൗരന്‍മ്മാര്‍ക്കൊപ്പം നല്‍കുന്നവരാണ് കുടിയേറ്റ രാജ്യങ്ങളില്‍ മിക്കവയും. മിക്ക പാശ്ചാത്യ രാജ്യങ്ങളും പൗരത്വമുള്‍പ്പെടയുള്ളവയാണ് കുടിയേറ്റക്കാര്‍ക്ക് നല്‍കുന്നത്. കുടിയേറ്റക്കാര്‍ എന്ന വാക്കിനര്‍ത്ഥം തന്നെ കൂടുതേടി വന്നവര്‍ എന്നതാണ്. സ്വന്തം കുടിനുള്ളതിനേക്കാള്‍ സുരക്ഷയും സൗകര്യങ്ങളും മറ്റൊരു കൂട്ടിനുള്ളില്‍ ലഭിക്കുമെന്നതുകൊണ്ടാണ് കൂടുതേടി പക്ഷികള്‍ പോലും പോകുന്നത്.
എന്നാല്‍ എല്ലാ സൗകര്യങ്ങളും നേടിക്കഴിഞ്ഞാല്‍ കഴിഞ്ഞാല്‍ ആ രാജ്യത്തെ കുറ്റപ്പെടുത്തുന്നതോ കളിയാക്കുന്നതോ ആയ പ്രവണത ഇന്ത്യക്കാര്‍ക്ക് പ്രത്യേകിച്ച് മലയാളികള്‍ക്ക് ഉണ്ടായിരുന്നു. അവരുടെ സംസ്‌കാരത്തെയും വസ്ത്രധാരണ രീതിയെയുമായിരുന്നു ഏറെപ്പേരും പരിഹസിച്ചിരുന്നതാണ് കുറ്റപ്പെടുത്തിയിരുന്നതും. മണ്ടന്‍മ്മാര്‍ എന്നായിരുന്നു മിഡില്‍ ഈസ്റ്റില്‍ ഉള്ളവരെ കളിയാക്കിയിരുന്നതെങ്കില്‍ തുണിയുടുക്കാത്തവരെന്നായിരുന്നു പാശ്ചാത്യരെ വിളിച്ചിരുന്നത്. ഒരു ഗതിയുമില്ലാത്തപ്പോഴാണ് നാമിവിടെ പോയതെന്ന ഉള്‍ബോധമുള്ളപ്പോഴും അവരുടെ വസ്ത്രധാരണം നമ്മുടെ നാട്ടില്‍ അനുകരിക്കാന്‍ തുടങ്ങിയപ്പോഴുമാണ് ആ കളിയാക്കല്‍ അല്‍പ്പം ശമിച്ചത്. ഇപ്പോള്‍ അവരെക്കാള്‍ മോശമായി അവിടെയും ഇവിടെയും എവിടെയും നമ്മുടെ പിന്‍മുറക്കാര്‍ വസ്ത്രം ധരിക്കാന്‍ തുടങ്ങിയപ്പോള്‍ ആ വിമര്‍ശനാവും ഇല്ലാതെയായി.
ചുരുക്കത്തില്‍ നമ്മുടെ കണ്ണില്‍ തടി കഷണമിരുന്നിട്ടാണ് മറ്റുള്ളവരുടെ കണ്ണിലെ കരട് കണ്ടുകൊണ്ടിരുന്നത് എന്ന് തന്നെ പറയാം. കാലം മാറിയെങ്കിലും കോലം മാറാത്തവരാണ് നമ്മില്‍ ഏറെപ്പേരും. അതില്‍ ജനറേഷന്‍ വ്യത്യാസമില്ല എന്നതാണ്.
പരമാര്‍ത്ഥം. ലോകം വളര്‍ന്നെങ്കിലും നമ്മുടെ സ്വഭാവ രീതികള്‍ അതുപോലെ തുടരുന്നു എന്നതാണ്മറ്റൊരു വസ്തുതയും. ഈ അടുത്ത കാലത്ത് ലണ്ടന്‍ നഗരത്തിലും കാനഡയിലെ ചില പ്രദേശത്തും മലയാളികള്‍ കാട്ടിക്കൂട്ടിയ ചില കൊപ്രങ്ങളാണ് ഇത് പറയാന്‍ കാരണം. ഓണാഘോഷവേളയിലായിരുന്നു മലയാളികള്‍ ലണ്ടനില്‍ നടത്തിയ കോപ്രായങ്ങള്‍. മുണ്ടും മടക്കിക്കുത്തി തെരുവുകളിലും ബസ്സുകളിലും ഉച്ചത്തില്‍ സംസാരിച്ചുകൊണ്ടും സ്വദേശികളെ പുച്ഛത്തോടെ നോക്കിയുള്ള പരിഹാസ ചിരിയോടെയുള്ളതായിരുന്നു അവരുടെ പ്രവര്‍ത്തികള്‍. തങ്ങള്‍ ചെയ്തത് എന്തോ മഹത്തായ പ്രവര്‍ത്തികളാണെന്ന രീതിയില്‍ അത് വിഡിയോയില്‍ എടുത്തു സോഷ്യല്‍ മീഡിയയില്‍ കൂടി പുറം ലോകത്തെ അറിയിക്കുകയും ചെയ്തു. പണ്ട് ഇങ്ഗ്ലീഷുകാര്‍ തങ്ങളെ അടിമകള്‍ ആക്കിയതിന് പ്രതികാരം ചെയ്യുകയാണ് ഇതെന്ന രീതിയിലായിരുന്നു അവരുടെ കമന്റ് ആ പ്രവര്‍ത്തിയില്‍ കൂടി അവര്‍ എന്തോ മഹത്തായ കാര്യമാണ് കേരളത്തിനും ഇന്ത്യക്കും ചെയ്തതെന്നാണ് അവരുടെ പ്രവര്‍ത്തിയില്‍ മനസ്സിലാക്കുന്നത്. അവര്‍ ചിന്തിക്കുന്നതും അതുതന്നെയാണ്. ഇവരുടെ ഈ മാന്യതയില്ലാത്ത പ്രവര്‍ത്തി അവിടെയുള്ള ആളുകളെ പ്രകോപിപ്പിക്കുകവരെയുണ്ടായി. അതില്‍ സ്വദേശികള്‍ ചിലരുടെ മുണ്ടുകള്‍ ഊരിയെടുത്തുകൊണ്ട് ഓടിപ്പോകുകവരെയുണ്ടായി. അത്രക്കെ അസഹനീയമായിരുന്നു വത്രേ അവരുടെ പ്രവര്‍ത്തികള്‍.
നമ്മുടെ ആഘോഷങ്ങള്‍ അന്യ നാട്ടില്‍ നടത്തുന്നതില്‍ തെറ്റില്ല. അത് മാന്യവും മര്യാദയോടെയുമായിരിക്കണമെന്ന് മാത്രം. നമ്മുടെ സംസ്‌ക്കാരാവും രീതികളും മറ്റുള്ള നാട്ടില്‍ ചെയ്യുമ്പോള്‍ അത് ആ നാടിന്റെ സംസ്‌ക്കാരത്തെ മറികടന്നുകൊണ്ടും ഹനിച്ചുകൊണ്ടും ആ നാട്ടുകാരെ പരിഹസിച്ചുകൊണ്ടും ആകരുത്. അതിനു വിരുദ്ധമായ പ്രവര്‍ത്തികള്‍ ആരു ചെയ്താലും അത് അവരുടെ മാതൃ രാജ്യത്തെയാണ് നാണം കെടുത്തുന്നത്. ഇത്തരം പ്രവര്‍ത്തിയില്‍ കൂടി ഇവര്‍ എന്ത് സന്ദേശമാണ് നല്‍കുന്നത്. മലര്‍ന്നു കിടന്നു തുപ്പുന്നതുപോലെയാണ് ഇത്തരം പ്രവര്‍ത്തികള്‍. ഇന്ത്യ സാമ്പത്തികമായി മുന്നേറുന്നു എന്ന് കൊട്ടിഘോഷിക്കുമ്പോഴും ഇന്ത്യക്കാര്‍ ഇന്നും അന്യ രാജ്യത്ത് പോയി ജോലി ചെയ്യുന്നത് മെച്ചമായ ജീവിതത്തിനാണെന്ന് ചിലപ്പോഴെങ്കിലും നാം മനസ്സിലാക്കണം. നാം കളിയാക്കുകയും പരിഹസിക്കുകയും ചെയ്യുന്നവരുടെ രാജ്യമാണ് നമ്മുടെ മാതൃ രാജ്യത്തെക്കാള്‍ നമ്മുക്ക് ജീവിക്കാന്‍ വക നല്‍കുന്നതെന്ന ബോധം ഉണ്ടാകണം. അവരെ പരിഹസിക്കുമ്പോള്‍ അവരുടെ ഔദാര്യത്തിലാണ് നാമിവിടെ ജീവിക്കുന്നതെന്ന ചിന്തയുമുണ്ടാകണം. ഒട്ടകത്തിന് തല ചായ്ക്കാന്‍ സ്ഥലം കൊടുത്തത് യജമാന്റെ മഹാമനസ്‌ക്കതയാണ്. അത് ഒട്ടകത്തിന്റെ അവകാശമായി കാണരുത്. അത് തന്നെയാണ് ഇവിടെയും ചിന്തിക്കേണ്ടത്. അതിനര്‍ത്ഥം അടിമയായി ജീവിക്കുക എന്നതുമല്ല.
ബ്രിട്ടീഷുകാര്‍ അവരുടെ നാട്ടിലെക്കെ പോയപ്പോള്‍ നമ്മുടെ വിലപ്പെട്ട പല സാധനങ്ങളും കൊണ്ടുപോയി. എന്നാല്‍ അവര്‍ക്ക് കൊണ്ടുപോകാന്‍ കഴിയാത്തതാണ് മലയാളീകളുടെ ഇത്തരം പരമ്പരാഗത കലാരൂപങ്ങള്‍ അത് നാം അവിടെ ചെന്ന് കാണിച്ചുകൊടുക്കുന്നുണ്ട്. ജസ്ത്യാലുള്ളത് തൂത്താല്‍ പോകില്ല എന്ന് പറയുംപോലെ നമ്മുടെ സ്വഭാവ രീതികള്‍ അതേപടി അവിടെ കാണിക്കുന്നത്. പഠിച്ചതല്ലേ പാടു അപ്പോള്‍ ഇതല്ല ഇതിനപ്പുറവും നാം കാണിച്ചില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ. നമ്മെ അംഗീകരിക്കുന്നതുകൊണ്ടാണ് അവര്‍ നമ്മെ അവരോടൊപ്പം ഇരുത്തുന്നത്. അതാണ് അവരുടെ മഹത്വം. അവരെ നാം ആദരിച്ചില്ലെങ്കിലും അപമാനിക്കാതിരിക്കുക. നാം മഹാതായിപറയുന്ന ആര്‍ഷഭാരത സംസ്‌ക്കാരം അതാണ് ഇവര്‍ ഇന്ന് ചവിട്ടിമെതിക്കുന്നത്. സംസ്‌ക്കാരം അത് വിലക്കുവാങ്ങാനോ കവര്‍ന്നെടുക്കാനോ കഴിയില്ല. അത് പാരമ്പര്യമായി കിട്ടുന്നതാണ്.