ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിലെ യാത്രയ്ക്കിടെ യുവതിയ്ക്ക് തേളിന്റെ കുത്തേറ്റതായി റിപ്പോർട്ട്. ഏപ്രിൽ 23ന് നാഗ്‌പൂരിൽ നിന്ന് മുംബയിലേയ്ക്ക് പോവുകയായിരുന്ന എയർ ഇന്ത്യ 630ലാണ് സംഭവം. സംഭവത്തിൽ എയർ ഇന്ത്യ പ്രസ്‌താവന പുറത്തിറക്കി.
യാത്രക്കാരിയ്ക്ക് തേളിന്റെ കുത്തേറ്റ നിർഭാഗ്യകരമായ സംഭവമുണ്ടായെന്നും തങ്ങളുടെ ഉദ്യോഗസ്ഥർ യുവതിക്കൊപ്പം ആശുപത്രിയിലേയ്ക്ക് പോയെന്നും എയർ ഇന്ത്യ പ്രസ്താവനയിൽ വ്യക്തമാക്കി. ഡിസ്‌ചാർജ് ചെയ്യുന്നതുവരെ യുവതിയ്ക്ക് എല്ലാ പിന്തുണയും നൽകി. പരിശോധന നടത്തി തേളിനെ കണ്ടെത്തി വേണ്ട നടപടി സ്വീകരിച്ചു. എയർലൈൻ പ്രോട്ടോക്കോൾ പ്രകാരം വിമാനത്തിൽ പരിശോധന നടത്തി അണുനശീകരണം ചെയ്തു. യാത്രക്കാർക്കുണ്ടായ വേദനയിലും അസൗകര്യത്തിലും ഖേദിക്കുന്നുവെന്നും എയർ ഇന്ത്യ വ്യക്തമാക്കി.ഡ്രൈ ക്ളീനിംഗ് അടക്കമുള്ള പ്രവർത്തികളിൽ ഏർപ്പെടുന്നവരോട് വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കാൻ എയർ ഇന്ത്യ നിർദേശം നൽകി. വിമാനത്തിനകത്ത് എത്തുന്ന സാധനങ്ങൾ വഴിയും തേൾ വിമാനത്തിലേയ്ക്ക് കടക്കാൻ സാദ്ധ്യതയുള്ളതിനാൽ ഇത്തരത്തിലുള്ള എല്ലാ സംവിധാനങ്ങളിലും അണുനശീകരണം നടത്തുമെന്നും എയർ ഇന്ത്യ ഉദ്യോഗസ്ഥൻ അറിയിച്ചു.
മുൻപും സമാന സംഭവം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം ഡിസംബറിൽ കോഴിക്കോട്ടുനിന്ന് ദുബായിലേയ്ക്ക് പോയ എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിന്റെ കാർഗോ ഹോൾഡിൽ പാമ്പിനെ കണ്ടെത്തിയിരുന്നു. ദുബായിൽ ലാൻഡ് ചെയ്തപ്പോഴായിരുന്നു പാമ്പിനെ കണ്ടെത്തിയത്.