ഗുജറാത്തിലെ ഗർബ നൃത്തങ്ങൾ ഹൃദയാഘാത മരണങ്ങൾ ഉണ്ടാക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു. മുൻകാല ആരോഗ്യപ്രശ്‌നങ്ങൾ, നീണ്ട മണിക്കൂറുകളുടെ ഉപവാസം, അനാരോഗ്യകരമായ ഭക്ഷണം, നിലവിലുള്ള ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെക്കുറിച്ചുള്ള അജ്ഞത എന്നിവ കാരണമാകാം ഇത്. കണക്കുകൾ പ്രകാരം, ഗുജറാത്തിൽ ഉടനീളമുള്ള ഗർബ പരിപാടികളിൽ ഒരു ദിവസം ഹൃദയാഘാതം മൂലം കുറഞ്ഞത് 10 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഖേഡ ജില്ലയിലെ കപദ്‌വഞ്ച് പട്ടണത്തിൽ ഗർബ കളിക്കുന്നതിനിടെ വീർ ഷാ എന്ന കൗമാരക്കാരന്‍റെ മൂക്കിൽ നിന്ന് രക്തം വരാന്‍ തുടങ്ങിയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ഹൃദയാഘാതം സംഭവിച്ച് മരിക്കുകയായിരുന്നു. ‘ഒരു ഇടവേള എടുക്കാതെ ദീർഘനേരം ഗർബ കളിക്കരുത്. ഇന്ന് എനിക്ക് എന്റെ മകനെ നഷ്ടപ്പെട്ടു. മറ്റാർക്കും ഇത് സംഭവിക്കാതിരിക്കട്ടെ’. കുട്ടിയുടെ കുടുംബം പറഞ്ഞു. അഹമ്മദാബാദ്, രാജ്‌കോട്ട്, നവസാരി എന്നിവിടങ്ങളിലും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കോവിഡിന് ശേഷമുള്ള സങ്കീർണതകൾ, വായു മലിനീകരണം, അനാരോഗ്യകരമായ ജീവിതശൈലി എന്നിവയുൾപ്പെടെയുള്ള വിവിധ ഘടകങ്ങളാൽ ഇന്ത്യയിൽ ഹൃദ്രോഗങ്ങളുടെയും ഹൃദയാഘാതങ്ങളുടെയും വ്യാപനം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഹൃദയാഘാതത്തിന്റെ തോത് വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് യുവാക്കളെയാണെന്ന് അഹമ്മദാബാദിലെ നാരായണ ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ സീഷൻ മൻസൂരി പറഞ്ഞു. നേരത്തെ 10% രോഗികൾ മാത്രമാണ് വളരെ ഗുരുതരമായ രോഗലക്ഷണങ്ങൾ, തടസ്സപ്പെട്ട ധമനികൾ, ഹൃദയസ്തംഭനം അല്ലെങ്കിൽ ഹൃദയാഘാതവുമായി സമീപിച്ചതെങ്കിൽ ഇപ്പോൾ ഇത് ഏകദേശം 25% ആയി ഉയർന്നിട്ടുണ്ട്.