ഭോപ്പാൽ: മധ്യപ്രദേശിൽ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിനെ തൊഴിൽ രഹിതനായ ഭർത്താവ് കൊലപ്പെടുത്തി. സർവീസ്, ഇൻഷുറൻസ്, ബാങ്ക് അക്കൗണ്ട് എന്നിവയിൽ തന്നെ നോമിനി ആക്കാത്തതിനാലാണ് മനീഷ് ശർമ്മ (45) ഭാര്യ നിഷ നാപിത് (51)നെ കൊലപ്പെടുത്തിയത്. തെളിവ് നശിപ്പിക്കാൻ നിഷ നാപിത്തിനെ തലയിണ മുഖത്ത് അമർത്തി മർദ്ദിച്ചാണ് നിഷയെ മനീഷ് കൊലപ്പെടുത്തിയത്. വായിൽ നിന്നും മൂക്കിൽ നിന്നും രക്തം വന്ന് തലയിണക്കവറിലാവുകയും രക്തം പുരണ്ട വസ്ത്രങ്ങളും തലയിണക്കവറും വാഷിങ് മെഷീനിലിട്ട് കഴുകുകയും ചെയ്തതായി പൊലീസ് അറിയിച്ചു. ഇവരുടെ വീട്ടിൽ നിന്ന് രക്തക്കറയുള്ള തലയിണ കവറും ബെഡ്ഷീറ്റും കണ്ടെടുത്തു.
ഞായറാഴ്ചയാണ് സംഭവമുണ്ടായത്. കൊലപാതകത്തിന് ശേഷം ആറുമണിക്കൂറോളം പ്രതി മൃതദേഹത്തിന് സമീപം ഇരുന്നു. തുടർന്ന് മൃതദേഹം അടുത്തുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലേക്ക് കൊണ്ടുപോയി. നിഷ നാപിത്തിന് വൃക്കസംബന്ധമായ അസുഖമുണ്ടെന്ന് ഇയാൾ ആശുപത്രിയിൽ അറിയിക്കുകയും ചെയ്തു.
ഉപവാസം എടുത്തതിനെ തുടർന്ന് ശനിയാഴ്ച രാത്രി നിഷ ഛർദ്ദിക്കുകയും തുടർന്ന് നിഷയ്ക്ക് മരുന്ന് നൽകിയിരുന്നതായും മനീഷ് ശർമ്മ പറഞ്ഞു. ഞായറാഴ്‌ച രാവിലെ 10 മണിക്ക് താൻ നടക്കാൻ പോയി. ഉച്ചയ്ക്ക് രണ്ട് മണിക്ക് താൻ തിരികെ എത്തിയിട്ടും നിഷ എഴുനേൽക്കാത്തതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയതായും മനീഷ് പറഞ്ഞു