രാജ്യത്തെ ഒന്നാം നിര വാഹന കമ്പനിയായ മാരുതി സുസുകി വാഹനങ്ങൾ തിരിച്ചുവിളിക്കുന്നു. ആറ് മോഡലുകളിലായി 17,362 യൂനിറ്റുകളാണ് ഇത്തരത്തിൽ തിരിച്ചുവിളിക്കുന്നതെന്ന് കമ്പനി അധികൃതർ അറിയിച്ചു. മാരുതിയുടെ എന്‍ട്രി ലെവല്‍ വാഹനമായ ആള്‍ട്ടോ കെ10, എസ്-പ്രെസോ, ഇക്കോ, ബലേനൊ, ബ്രെസ, ഏറ്റവുമൊടുവില്‍ നിരത്തുകളിലെത്തിയ ഗ്രാന്റ് വിറ്റാര എന്നീ വാഹനങ്ങളിലാണ് തകരാര്‍ കണ്ടെത്തിയിട്ടുള്ളത്.
2022 ഡിസംബര്‍ എട്ട് മുതല്‍ 2023 ജനുവരി 12 വരെയുള്ള കാലയളവില്‍ നിര്‍മിച്ചിട്ടുള്ള വാഹനങ്ങളിലെ എയര്‍ബാഗ് കണ്‍ട്രോള്‍ യൂണിറ്റിലാണ് തകരാറെന്നാണ് വിലയിരുത്തലുകള്‍. പ്രധാനമായും പരിശോധനകള്‍ക്കായാണ് വാഹനങ്ങള്‍ തിരിച്ച് വിളിച്ചിരിക്കുന്നത്. തകരാര്‍ കണ്ടെത്തുകയാണെങ്കില്‍ ഇത് സൗജന്യമായി പരിഹരിച്ച് നല്‍കും.
വളരെ ചുരുക്കമായി മാത്രമേ എയര്‍ബാഗ് കണ്‍ട്രോള്‍ സംവിധാനത്തിന് തകരാര്‍ സംഭവിക്കൂ. അതേസമയം, ഈ തകരാറുള്ള വാഹനത്തിന് അപകടമുണ്ടായാല്‍ എയര്‍ബാഗും സീറ്റ് ബെല്‍റ്റ് പ്രീടെന്‍ഷനറുകളും പ്രവര്‍ത്തിക്കില്ലെന്നാണ് വിലയിരുത്തലുകള്‍. തകരാര്‍ കണ്ടെത്തിയ വാഹനങ്ങളുടെ ഉടമകളെ കമ്പനിയുടെ അധികൃതരോ ഡീലര്‍ഷിപ്പ് ജീവനക്കാരോ ഇക്കാര്യം അറിയിക്കും.
സംശയാസ്പദമായ വാഹനങ്ങളുടെ തകരാർ പരിഹരിക്കുന്നതുവരെ വാഹനം ഉപയോഗിക്കരുതെന്ന് നിർദ്ദേശിക്കുന്നതായി കമ്പനി വ്യക്തമാക്കി. തിങ്കളാഴ്ച തങ്ങളുടെ മോഡൽ നിരയിലുടനീളം വാഹനങ്ങളുടെ വില വർധിപ്പിച്ചതായി കമ്പനി അറിയിച്ചിരുന്നു.