Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഅച്ഛനമ്മമാര്‍ ഐ.സി.യുവില്‍ ഉപേക്ഷിച്ച കുഞ്ഞിന്റെ ചികിത്സാ മേല്‍നോട്ടത്തിന് മെഡിക്കല്‍ ബോര്‍ഡ്-വീണാ ജോര്‍ജ്

അച്ഛനമ്മമാര്‍ ഐ.സി.യുവില്‍ ഉപേക്ഷിച്ച കുഞ്ഞിന്റെ ചികിത്സാ മേല്‍നോട്ടത്തിന് മെഡിക്കല്‍ ബോര്‍ഡ്-വീണാ ജോര്‍ജ്

തിരുവനന്തപുരം: ജാര്‍ഖണ്ഡ് സ്വദേശികളായ അച്ഛനമ്മമാര്‍ സ്വകാര്യ ആശുപത്രി ഐ.സി.യുവില്‍ ഉപേക്ഷിച്ച് പോയ മൂന്നാഴ്ച മാത്രം പ്രായമായ നവജാത ശിശുവിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് തുടര്‍ന്നുള്ള വിദഗ്ധ പരിചരണം ഉറപ്പാക്കി. കുഞ്ഞിന്റെ സംരക്ഷണം വനിത ശിശുവികസന വകുപ്പ് ഏറ്റെടുക്കുമെന്ന് കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞിരുന്നു.

കുഞ്ഞിന് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ജനറല്‍ ആശുപത്രി സൂപ്രണ്ടിനും മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി. കുഞ്ഞിന്റെ മുമ്പത്തെ സ്വകാര്യ ആശുപത്രിയിലെ ചികിത്സാ ചെലവിന്റെ തുക ആരോഗ്യ വകുപ്പ് ഡയറക്ടര്‍ നിശ്ചയിക്കുന്ന പ്രകാരം വനിത ശിശുവികസന വകുപ്പിന്റെ ബാലനിധിയിലൂടെ അനുവദിക്കുന്നതാണ്.

ആശുപത്രിയിലെ പീഡിയാട്രീഷ്യന്റെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ ന്യൂ ബോണ്‍ കെയറില്‍ പരിശീലനം നേടിയ നഴ്‌സ്, എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ എന്നിവരടങ്ങുന്ന സംഘമാണ് കുഞ്ഞിനെ ജനറല്‍ ആശുപത്രിയിലെത്തിച്ചത്. സ്‌പെഷ്യല്‍ ന്യൂ ബോണ്‍ കെയര്‍ യൂണിറ്റില്‍ ചികിത്സയിലുള്ള കുഞ്ഞ് ഇപ്പോഴും ഓക്‌സിജന്‍ സപ്പോര്‍ട്ടിലാണ്. കുഞ്ഞിന് നിലവില്‍ ഒരു കിലോ ഭാരമുണ്ട്. തലയില്‍ ചെറിയ രക്തസ്രാവമുണ്ട്. ഓറല്‍ ആന്റിബയോട്ടിക് ചികിത്സ തുടരുന്നുണ്ട്. ഒരു മാസത്തോളം തീവ്ര പരിചരണം ആവശ്യമാണ്.
കുഞ്ഞിന് പ്രത്യേക കരുതലൊരുക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ് ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കി. ആശുപത്രി സൂപ്രണ്ട് ഡോ. ഷഹിര്‍ഷായുടെ ഏകോപനത്തില്‍ പീഡിയാട്രീഷ്യന്‍ ഡോ. വിജിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടര്‍മാരടങ്ങിയ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് കുഞ്ഞിന്റെ ചികിത്സാ മേല്‍നോട്ടം വഹിക്കും. ബന്ധുക്കളാരും ഇല്ലാത്തതിനാല്‍ കുഞ്ഞിന്റെ പ്രത്യേക പരിചരണത്തിന് ന്യൂബോണ്‍ കെയറിലെ നഴ്‌സുമാരെ നിയോഗിച്ചു. കുഞ്ഞിന് മുലപ്പാല്‍ ബാങ്കില്‍ നിന്നും മുലപ്പാല്‍ ലഭ്യമാക്കി വരുന്നു.
വനിതാ ശിശു വികസന വകുപ്പിന്റെ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ദിവസവും കുഞ്ഞിനെ സന്ദര്‍ശിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ആവശ്യമെങ്കില്‍ വനിത ശിശുവികസന വകുപ്പിന്റെ കെയര്‍ ടേക്കര്‍മാരേയും നിയോഗിക്കും. മാതാപിതാക്കള്‍ തിരിച്ചു വരുന്നെങ്കില്‍ കുഞ്ഞിനെ അവര്‍ക്ക് കൈമാറും. കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് ഇനി വേണ്ട എന്നാണെങ്കില്‍ നിയമപരമായ നടപടികളിലൂടെ കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുക്കും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments