ന്യൂഡൽഹി: ഉയർന്ന നേതാക്കളുടെ അനുഗ്രത്തോടെയാണ് മഹാരാഷ്ട്ര സർക്കാരിന്റെ ഭാഗമായതെന്ന് അജിത് പവാറിന്റെ അവകാശ വാദം തള്ളി എൻ.സി.പി ദേശീയ പ്രസിഡന്റ് ശരദ് പവാർ. പാർട്ടിയെ പിളർത്തി മറുകണ്ടം ചാടിയ അജിത് പവാറിന്റെ തീരുമാനം തീർത്തും വ്യക്തിപരമാണെന്നും ഒരിക്കലും അംഗീകരിക്കുന്നില്ലെന്നും ശരദ് പവാർ പറഞ്ഞു.കരുത്തോടെ പാർട്ടിയെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങൾ തനിക്കറിയാമെന്നും 2024ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരായ പ്രതിപക്ഷ സഖ്യത്തിൽ എൻ.സി.പി മുഖ്യപങ്കു വഹിക്കുമെന്നും ശരദ് പവാർ വ്യക്തമാക്കി.
ഇന്ന് പാർട്ടിയിൽ സംഭവിച്ചത് തന്നെ അദ്ഭുതപ്പെടുത്തുന്നുണ്ട്. എന്നാൽ 1980കളിൽ നേരിട്ട സാഹചര്യം വെച്ച് നോക്കുമ്പോൾ ഇത് ഒന്നുമല്ലെന്നും അന്ന് താനൊറ്റക്ക് നിന്നാണ് എൻ.സി.പിയെ ഈ നിലയിലേക്ക് വളർത്തിയതെന്നും ശരദ് പവാർ ചൂണ്ടിക്കാട്ടി.അജിത് പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ശരദ് പവാർ. എൻ.സി.പിയിലെ ചില സഹപ്രവർത്തകർക്കെതിരെ അഴിമതി ആരോപണം ഉയർത്തിയ മോദി സർക്കാർ അത് ഒഴിവാക്കി അവരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിൽ സന്തോഷമുണ്ടെന്നും ശരദ് പവാർ പ്രതികരിച്ചു.ഇന്നത്തെ രാഷ്ട്രീയ നീക്കത്തിൽ അദ്ഭുതമില്ല. തന്നെ ഇക്കാര്യത്തിൽ അജിത് പവാർ ഫോണിൽ ബന്ധപ്പെട്ടിട്ടില്ല. ഛഗൺ ഭുജ്ബൽ മാത്രമാണ് വിളിച്ചത്. അജിത് പവാറിന്റെ രാഷ്ട്രീയ നാടകത്തിനു പിന്നാലെ തന്നെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ഫോണിൽ വിളിച്ചു സംസാരിച്ചു.
അവർ പിന്തുണ ഉറപ്പ് നൽകിയിട്ടുണ്ട്. എൻ.സി.പിയുടെ ഉടമസ്ഥത്തെ കുറിച്ച് ചിലർ അവകാശവാദമുന്നയിക്കുന്നതിലും പ്രശ്നമില്ല. ഞങ്ങൾക്ക് ജനങ്ങളുടെ പിന്തുണയാണ് വേണ്ടത്. അതുണ്ടാകുമെന്ന് ഉറപ്പുണ്ട്. തെരഞ്ഞെടുപ്പ് ചിഹ്നത്തിന്റെ പേരിൽ അജിത് പവാറുമായി നിയമയുദ്ധത്തിനില്ല.”-ശരദ് പവാർ പറഞ്ഞു.