ഡൽഹി: അനധികൃതമായി അമേരിക്കയിലേക്ക് കടന്ന ഹരിയാനയിലെ 50 യുവാക്കളെ 14 മാസത്തെ ജയിൽ വാസത്തിന് ശേഷം നാടുകടത്തി. ഞായറാഴ്ച ഡൽഹിയിൽ എത്തിയ ഇവരെ കുടുംബങ്ങൾക്ക് കൈമാറിയതായി പൊലീസ് അറിയിച്ചു. 25നും 30നും ഇടയിൽ പ്രായമുള്ള ഇവർ വൻ തുക ഏജന്റുമാർക്ക് നൽകിയാണ് അതിർത്തി കടന്ന് മെക്സിക്കോയിലെത്തിയത്. അവിടുന്ന് പിടിക്കപ്പെടുകയും ശേഷം മാസങ്ങളോളം തടവിലാക്കപ്പെടുകയും ചെയ്തു.
നിയമപരമായി അമേരിക്കയിൽ എത്തിക്കാമെന്ന് പറഞ്ഞ ഏജന്റുമാർ പിന്നീട് തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് മടങ്ങിയെത്തിയവർ പറഞ്ഞു. അമേരിക്കയിലെ ജീവിതം സ്വപ്നം കണ്ട് തങ്ങളുടെ കൈയിലുള്ളതെല്ലാം വിറ്റ് പെറുക്കിയാണ് ലക്ഷങ്ങൾ മുടക്കി ഏജന്റുമാർക്കൊപ്പം നാടുകടന്നത്. എന്നാൽ യു.എസ്, യു.കെ, കാനഡ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലേക്ക് പ്രവേശിക്കാൻ ആളുകൾ സ്വീകരിക്കുന്ന അപകടകരവും നിയമവിരുദ്ധവുമായ പാതയായ ‘ഡങ്കി’യിലൂടെയായിരുന്നു യാത്ര. ദിവസങ്ങളോളം യാത്ര ചെയ്ത് അമേരിക്കൻ അതിർത്തിയിലെത്തിയ ഇവരെ പൊലീസ് പിടികൂടി തടവിലാക്കുകയായിരുന്നു.
യുവാക്കളിൽ നിന്നും പണം കൈപറ്റിയ ഏജന്റുമാർ ഇവരെ സുരക്ഷിതമായി യു.എസിൽ എത്തിക്കുന്നതിന് മുന്നേ പണവുമായി കടന്നുകളയുകയാണ് ചെയ്തതെന്ന് ആരോപിച്ചു.



