അബുദാബി: അബുദാബിയിൽ അശ്രദ്ധമായി മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നടപടികൾ കർശനമാക്കാനൊരുങ്ങി ഗതാഗത, മുനിസിപ്പാലിറ്റി വിഭാഗം അധികൃതർ. പുതുക്കിയ പിഴകൾ സാമൂഹിക മാധ്യമങ്ങളിലടക്കം പുറത്തുവിട്ടിട്ടുണ്ട്. നിയമ ലംഘനത്തിനും അതിന്റെ വ്യാപ്തിക്കുമനുസരിച്ചായിരിക്കും പിഴകൾ ചുമത്തുന്നത്. കൂടാതെ ലംഘനം ആവർത്തിച്ചാൽ 4000 ദിർഹം വരെയായിരിക്കും പിഴ ലഭിക്കുകയെന്നും അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ വർഷം, രാജ്യത്തിന്റെ 53ാമത് ദേശീയ ദിനത്തിൽ മാത്രം പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിഞ്ഞതിനും റോഡുകളിൽ സ്‌പ്രേ പെയിന്റുകൾ ഉപയോഗിച്ചതിനും 670ലധികം നിയമ ലംഘകർക്കാണ് പിഴയിട്ടത്. കാൽ നടയാത്രക്കാർ, ഡ്രൈവർമാർ, വാഹന യാത്രക്കാർ തുടങ്ങിയവരാണ് നിയമലംഘകരിൽ അധികവും.