ന്യൂഡൽഹി: റഷ്യൻ കമ്പനികളായ റോസ്നെഫ്റ്റ്, ലൂക്കോയിൽ എന്നിവക്ക് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയതോടെ റിലയൻസ് ഇൻഡസ്ട്രീസ് എണ്ണ ഇറക്കുമതിയിൽ വൻതോതിൽ കുറവ് വരുത്താൻ ഒരുങ്ങുന്നു.
പ്രതിദിനം ശരാശരി 17 ലക്ഷം ബാരൽ എണ്ണയാണ് റഷ്യയിൽനിന്നും നിലവിൽ ഇന്ത്യ വാങ്ങുന്നത്. ഇതിന്റെ പാതിയും ഇറക്കുമതി ചെയ്തിരുന്നത് റിലയൻസായിരുന്നു. പ്രതിദിനം അഞ്ചുലക്ഷം ബാരൽ വീതം അടുത്ത 25 വർഷത്തേക്ക് വാങ്ങാൻ കഴിഞ്ഞ ഡിസംബറിൽ റോസ്നെഫ്റ്റുമായി റിലയന്‍സ് ധാരണയിലെത്തിയിരുന്നു. റോസ്നെഫ്റ്റിന് യു.എസ് ട്രഷറി വകുപ്പ് ഉപരോധം പ്രഖ്യാപിച്ചതാണ് റിലയൻസിനെ പ്രതിരോധത്തിലാക്കിയത്. ഉപരോധം ഏർപ്പെടുത്തിയ കമ്പനികളിൽനിന്നും എണ്ണ വാങ്ങുന്ന ഇന്ത്യൻ കമ്പനികൾക്കും അവ കടത്തുന്ന കപ്പലുകൾക്കും ഇടപാടുമായി ബന്ധപ്പെട്ട വ്യക്തികൾക്കുമെല്ലാം യു.എസിന്റെ ഉപരോധം ബാധകമാകും. റഷ്യൻ എണ്ണ ഉൽപാദകരുമായുള്ള ഇടപാടുകൾ അവസാനിപ്പിക്കാൻ യു.എസ് ട്രഷറി വകുപ്പ് കമ്പനികൾക്ക് നവംബർ 21 വരെയാണ് സമയം നൽകിയിട്ടുള്ളത്.
റഷ്യൻ എണ്ണ ഇറക്കുമതി പുനഃക്രമീകരിക്കൽ നടന്നുകൊണ്ടിരിക്കുകയാണെന്നും ഇന്ത്യൻ സർക്കാറിന്റെ മാർഗനിർദേശങ്ങൾ പാലിക്കുമെന്നുമായിരുന്നു റിലയൻസിന്റെ പ്രതികരണം.
റഷ്യയുമായി ഇന്ത്യ ഇന്ധനവ്യാപാരം നടത്തില്ലെന്ന് യു.എസ് പ്രസിഡന്റ് ട്രംപ് ആവർത്തിക്കുന്നതിനിടെയാണ് റിലയൻസ് പിന്മാറുന്നത്.



