വാഷിങ്ടൺ: ബജറ്റ് പാസാക്കുന്നതിനുള്ള സമയപരിധി അവസാനിച്ചതോടെ അമേരിക്കയിൽ ഭാഗിക ഭരണസ്തംഭനം. 2026ലെ ബജറ്റിന് യു.എസ് കോൺഗ്രസ് അംഗീകാരം നൽകാതിരുന്നതിന് പിന്നാലെയാണിത്. ബജറ്റിന് അംഗീകാരം നൽകാനുള്ള സമയപരിധി ജനുവരി 30 അർധരാത്രി അവസാനിച്ചു.
പിന്നാലെയാണ് ഭാഗിക ഷട്ട് ഡൗണിലേക്ക് യു.എസ് സർക്കാർ കടന്നത്. ഇതോടെ അവശ്യവിഭാഗത്തിൽ ഉൾപ്പെടാത്ത നിരവധി സർക്കാർ സേവനങ്ങളുടെ പ്രവർത്തനങ്ങൾ തൽകാലത്തേക്ക് നിർത്തിവെച്ചു. അതേസമയം, ഷട്ട്ഡൗൺ അധികം നീണ്ടുപോകാനിടയില്ലെന്നാണ് അധികൃതർ അറിയിക്കുന്നത്. വിഷയത്തിൽ അടുത്തയാഴ്ച ആദ്യംതന്നെ ജനപ്രതിനിധിസഭ ഇടപെടുമെന്നാണ് വിവരം.
മിനിയാപൊളിസിൽ ഫെഡറൽ ഇമിഗ്രേഷൻ ഏജന്റുമാർ രണ്ട് പ്രതിഷേധക്കാരെ വെടിവെച്ചുകൊന്ന സംഭവത്തിൽ ഡെമോക്രാറ്റുകൾക്കിടയിലുണ്ടായ പ്രതിഷേധമാണ് ചർച്ചകൾ വഴിമുട്ടാൻ കാരണമായത്. ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റിന് പുതിയ ഫണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളെ ഇത് ബാധിച്ചു. ഭരണസ്തംഭനം അധികകാലം നീണ്ടുനിൽക്കില്ലെന്നാണ് സൂചന



