പാരിസ്: ആപ്പിളിന് വന്‍ തുക പിഴയിട്ട് ഫ്രാന്‍സ്. സ്വന്തം സ്വകാര്യതാ നിയമം സ്വയം പാലിക്കാതിരുന്നതിനാണ് പിഴ. ഫ്രാന്‍സിലെ മത്സര നിയന്ത്രണ അതോറിറ്റിയാണ് ആപ്പിളിന് 15 കോടി യൂറോ (ഏകദേശം 1388 കോടിയിലേറെ ഇന്ത്യന്‍ രൂപ) പിഴയിട്ടത്. ഇത്ര വലിയ തുക പിഴ ചുമത്തിയതിനൊപ്പം തങ്ങളുടെ തീരുമാനം എന്താണെന്ന് ആപ്പിള്‍ ഏഴ് ദിവസത്തിനകം സ്വന്തം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും മത്സര നിയന്ത്രണ അതോറിറ്റി നിര്‍ദ്ദേശിച്ചു.
2021-ല്‍ അവതരിപ്പിച്ച ആപ്പ് ട്രാക്കിങ് ട്രാന്‍സ്പരന്‍സി (എടിടി) എന്ന സോഫ്റ്റ്‌വെയര്‍ ആണ് ആപ്പിളിന് പാരയായത്. ഐഫോണിലോ ഐപാഡിലോ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ട ഒരു ആപ്പ് മറ്റ് ആപ്പുകളിലേയും വെബ്‌സൈറ്റുകളിലേയും ആക്റ്റിവിറ്റികള്‍ ട്രാക്ക് ചെയ്യുന്നതിന് ഉപഭോക്താവിന്റെ സമ്മതം ആവശ്യപ്പെടുന്നതാണ് എടിടി. ഉപഭോക്താവ് ഇത് നിഷേധിക്കുകയാണെങ്കില്‍ ആപ്പിന് ഈ വിവരങ്ങള്‍ ലഭിക്കാതിരിക്കുകയും അതനുസരിച്ച് പരസ്യങ്ങള്‍ കാണിക്കാന്‍ കഴിയാതിരിക്കുകയും ചെയ്യും.
സ്വകാര്യത സംരക്ഷിക്കാനായി അവതരിപ്പിച്ച ഈ നിയമം ആപ്പിള്‍ സ്വന്തം കാര്യത്തില്‍ പാലിച്ചില്ല എന്നാണ് വിമര്‍ശകര്‍ ഉന്നയിക്കുന്ന വാദം. ആപ്പിളിന്റെ പരസ്യസേവനത്തിനായി ഉപഭോക്താക്കളുടെ സമ്മതം ചോദിക്കാതെ വിവരങ്ങള്‍ ട്രാക്ക് ചെയ്യുന്ന ആപ്പിള്‍ തങ്ങളുടെ എതിരാളികള്‍ക്ക് ഈ വിവരങ്ങള്‍ നല്‍കാതിരിക്കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയതാണ് മത്സര നിയന്ത്രണ അതോറിറ്റി പിഴ ചുമത്താന്‍ കാരണമായത്.
ഐഫോണുകളിലേയും ഐപാഡുകളിലേയും മൂന്നാം കക്ഷി ആപ്പുകള്‍ക്ക് വിവരങ്ങള്‍ ലഭിക്കണമെങ്കില്‍ ഉപഭോക്താക്കളുടെ സമ്മതം ചോദിച്ചുകൊണ്ടുള്ള ഒട്ടേറെ വിന്‍ഡോകള്‍ ദൃശ്യമാക്കേണ്ടതുണ്ട്. ഇത് ബുദ്ധിമുട്ടേറിയ അനുഭവമാണ് ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കുക. എന്നാല്‍ ആപ്പിളിന്റെ സിസ്റ്റത്തിന് ഈ ട്രാക്കിങ് നിഷേധിക്കണമെങ്കില്‍ ഒന്നിന് പകരം രണ്ടുതവണ ഉപഭോക്താക്കള്‍ വേണ്ട എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കണമെന്നാണ് മത്സര നിയന്ത്രണ അതോറിറ്റി കണ്ടെത്തിയത്. ഇത് എടിടിയുടെ നിഷ്പക്ഷതയ്ക്ക് തുരങ്കം വെക്കുന്നതാണെന്നും ആപ്പ് പബ്ലിഷര്‍മാര്‍ക്കും പരസ്യ സേവന ദാതാക്കള്‍ക്കും സാമ്പത്തികനഷ്ടമുണ്ടാക്കുന്നതാണെന്നും അതോറിറ്റി പറയുന്നു.
ആപ്പിളിന്റെ സമീപനം ചെറുകിട ആപ്പ് പബ്ലിഷര്‍മാരെയാണ് കൂടുതലായി ബാധിക്കുക. തങ്ങളുടെ ബിസിനസിന് പണം കണ്ടെത്താനായി തേഡ് പാര്‍ട്ടി വിവരശേഖരണത്തെയാണ് വലിയ തോതില്‍ ആശ്രയിക്കുന്നതെന്നും ഫ്രാന്‍സിലെ മത്സര നിയന്ത്രണ അതോറിറ്റിയായ അതോറിറ്റെ ദെ ല കോണ്‍ക്യുറന്‍സ് വ്യക്തമാക്കി. 2021-ല്‍ തന്നെ ഇത് സംബന്ധിച്ച പരാതി അതോറിറ്റിക്ക് ലഭിച്ചിരുന്നു. അന്ന് അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിലും വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയായിരുന്നു അതോറിറ്റി