തിരുവന്തപുരം: ഓണറേറിയം വർധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി ആശാ പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന രാപ്പകൽ സമരം ഇന്ന് നാൽപ്പത്തിയൊന്നാം ദിവസം. മൂന്നാം ഘട്ടമായി ആശമാർ തുടങ്ങിയ അനിശ്ചിതകാല നിരാഹാര സമരം മൂന്നാം ദിവസും തുടരുകയാണ്. കേരള ആശ ഹൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം എ ബിന്ദു, തങ്കമണി, ശോഭ എന്നിവരാണ് നിരാഹാരമിരിക്കുന്നത്. ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് ആർ ഷീജയെ കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അതേസമയം, സമരത്തിന് പിന്നിൽ മഴവിൽ സഖ്യമാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവനയ്ക്കെതിരെ ആശാ പ്രവർത്തകർ ശക്തമായ പ്രതിഷേധത്തിലാണ്. ആശാ വര്‍ക്കര്‍മാരുടെ സമരത്തിന് പിന്നില്‍ ഇടതുവിരുദ്ധ മഴവില്‍ സഖ്യമാണെന്നായിരുന്നു എം വി ഗോവിന്ദന്റെ പ്രസ്താവന. ആശാ വര്‍ക്കര്‍മാരെ ഉപയോഗിച്ച് എസ്‌യുസിഐയും ജമാഅത്തെ ഇസ്‌ലാമിയും എസ്ഡിപിഐയും കോണ്‍ഗ്രസും ബിജെപിയും ലീഗും ഉള്‍പ്പെടെ ചേര്‍ന്ന് നടത്തുന്ന പ്രവര്‍ത്തനങ്ങളെ തുറന്നുകാണിക്കുമെന്നും എം വി ഗോവിന്ദൻ ഇന്നലെ പറഞ്ഞിരുന്നു.