പത്തനംതിട്ട : ആസിഡ് ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്കേറ്റ സംഭവത്തിൽ ബന്ധുവിനെ ഉടനടി അറസ്റ്റ് ചെയ്ത് ആറന്മുള പോലീസ്. നാരങ്ങാനം കടമ്മനിട്ട കല്ലേലിമുക്ക് പുതുപറമ്പിൽ വീട്ടിൽ
വർഗീസ് മാത്യു (38)നാണ് മുഖത്തും, ശരീരത്തും ഗുരുതരമായി പൊള്ളലേറ്റത്. സംഭവത്തിൽ അയൽവാസിയും അമ്മാവനുമായ പുതുപറമ്പിൽ വീട്ടിൽ ബിജു വർഗ്ഗീസ്(55) പിടിയിലായി. ഇന്ന് പുലർച്ചെ 00.40 ഓടെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചശേഷം, വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് യുവാവിനെ മാറ്റി.
ഇയാൾക്കും അമ്മാവൻ ബിജുവർഗ്ഗീസിനും കൂലിപ്പണിയാണ്, ഇരുവരും എല്ലാ ദിവസവും ജോലി കഴിഞ്ഞുവന്ന് ഒരുമിച്ചിരുന്ന് മദ്യപിക്കാറുണ്ട്. പതിവുപോലെ ഇന്നലെ രാത്രിയും രണ്ടും പേരും ചേർന്നിരുന്നു മദ്യപിച്ചു. വാക്കുതർക്കം ഉണ്ടായപ്പോൾ രാത്രി 10.30 ന് ബിജു വർഗീസ് വീട്ടിൽ സൂക്ഷിച്ചിരുന്ന ആസിഡ് എടുത്ത് കൊല്ലണമെന്ന ഉദ്ദേശത്തോടെ വർഗീസിൻ്റെ മുഖത്തും ശരീരത്തും ഒഴിക്കുകയായിരുന്നു. ആസിഡ് വായിലും കണ്ണിലും മുഖത്തും അരയ്ക്കു മുകളിൽ പൂർണമായും വീണു പൊള്ളലേറ്റും, കണ്ണ് കാണാൻ കഴിയാത്ത നിലയിലും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി വെന്റിലേറ്ററിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. വിവരമറിഞ്ഞു ആറന്മുള പോലീസ് ഉടനെതന്നെ സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു.
തുടർന്ന്, വീട്ടിൽ നടത്തിയ പരിശോധനയിൽ ഒരു കുപ്പി ആസിഡ് പോലീസ് കണ്ടെത്തി. മുമ്പും ബിജു വിന്റെ ഭാഗത്തുനിന്നും ആക്രമണം മകന് നേരിടേണ്ടിവന്നിട്ടുണ്ടെന്നു വർഗ്ഗീസിൻ്റെ അമ്മ ആലീസ് വർഗീസ് പോലീസിനോട് പറഞ്ഞു. മകനോടുള്ള വിരോധത്താൽ കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് പ്രതി ഇപ്പോൾ ഇപ്രകാരം ചെയ്തതെന്നും ഇവർ പോലീസിനോട് വെളിപ്പെടുത്തി. സംഭവം അറിഞ്ഞു വീട്ടിലെത്തിയപ്പോൾ പോലീസ് ബിജു വർഗ്ഗീസിനെ വീട്ടിൽ കണ്ടില്ല, പിന്നീട് നടത്തിയ തെരച്ചിലിൽ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ ഇനി തിരിച്ചുവരരുതെന്നും, വന്നാൽ കൊല്ലുമെന്നും, കൊന്നാലും ഒരു കേസേ ഉള്ളൂവെന്നും മറ്റും പ്രതി, ഭീഷണിപ്പെടുത്തിയതായും അന്വേഷണത്തിൽ വ്യക്തമായി. പ്രതിയെ പിന്നീട് കല്ലേലിമുക്കിൽ നിന്നുമാണ് പിടികൂടിയത്. സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. തുടർന്ന് ഇന്നുച്ചയ്ക്ക് അറസ്റ്റ് രേഖപ്പെടുത്തി.
സംഭവസ്ഥലത്ത് ശാസ്ത്രീയ അന്വേഷണസംഘവും, വിരലടയാള വിദഗ്ദ്ധരും, പോലീസ് ഫോട്ടോഗ്രാഫറും പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. ആറന്മുള പോലീസ് ഇൻസ്‌പെക്ടർ വി എസ് പ്രവീണിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. എസ് ഐ മാരായ വിഷ്ണു, പി വിനോദ്, മധു, ഏ എസ് ഐമാരായ സലിം , ജ്യോതിസ് ,എസ് സി പി ഓ പ്രദീപ് ,സി പി ഓമാരായ വിഷ്ണു, സൽമാൻ, ഉണ്ണികൃഷ്ണൻ , വിനോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കേസിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.