ന്യൂയോർക്ക്: 2017ൽ ഇന്ത്യക്കാരിയെയും ആറു വയസുള്ള മകനെയും കൊലപ്പെടുത്തി യു.എസിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ കണ്ടെത്തുന്നവർക്ക് 50,000 ഡോളർ പ്രതിഫലം പ്രഖ്യാപിച്ച് എഫ്.ബി.ഐ. യു.എസിൽ ജോലി ചെയ്തിരുന്ന ശശികല നാര(38), അനീഷ് നാര എന്നിവരെ കൊലപ്പെടുത്തിയ ശേഷമാണ് ഇന്ത്യക്കാരനായ നസീർ ഹമീദ് രക്ഷപ്പെട്ടത്. ഇന്ത്യയിൽ ഒളിവിൽ കഴിയുന്ന പ്രതിയെ കൈമാറാൻ സർക്കാർ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്നും എഫ്.ബി.ഐ ആവശ്യപ്പെട്ടു.
ന്യൂജഴ്സിലെ അപാർട്മെന്റിൽ വെച്ചാണ് ശശികലയെയും മകനെയും പ്രതി കുത്തിക്കൊലപ്പെടുത്തിയത്. 2017 മാർച്ചിലായിരുന്നു സംഭവം. ഈ വർഷം ഫെബ്രുവരിയിൽ നസീർ ഹമീദിനെതിരെ യു.എസ് കോടതി കൊലക്കുറ്റം ചുമത്തിയിരുന്നു. നിയമവിരുദ്ധമായ കാര്യത്തിന് ആയുധം കൈവശം വെച്ചതിന് മറ്റ് കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. കൊലപാതകം നടന്ന് ആറുമാസത്തിനു ശേഷമാണ് ഇയാൾ ഇന്ത്യയിലേക്ക് കടന്നത്.
കൊലപാതകം നടക്കുന്നതിന് മുമ്പ് ശശി കലയുടെ ഭർത്താവ് ഹനുമന്ത് നാരയെയും മറ്റ് കുടുംബാംഗങ്ങളെയും ഇയാൾ പിന്തുടർന്നിരുന്നതായി പൊലീസ് കണ്ടെത്തി. കൊലപാതകി നസീർ തന്നെയാണെന്ന് വ്യക്തമായതോടെ ഇയാൾക്കെതിരെ എഫ്.ബി.ഐ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. അതിനു ശേഷമാണ് ഇയാളെ കുറിച്ച് വിവരങ്ങൾനൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചത്. കൊലപാതകത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ല. നസീർ ഹമീദിനെ യു.എസിലെത്തിച്ചാൽ മാത്രമേ ഇക്കാര്യം വ്യക്തമാവുകയുള്ളൂ.
ആന്ധ്രപ്രദേശ് സ്വദേശികളാണ് ശശികലയും ഭർത്താവ് ഹനുമന്തും. ന്യൂജഴ്സി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയിൽ ഹനുമന്തിന്റെ സഹപ്രവർത്തകനായിരുന്നു നസീർ ഹമീദ്. ഇവരുടെ വീടിനടുത്താണ് ഇയാൾ താമസിച്ചിരുന്നതും.
പ്രതിയുടെ കമ്പനി നൽകിയ ലാപ്ടോപിലെ ഡി.എൻ.എ സാംപിളും കൊലപാതകം നടന്ന സ്ഥലത്തുനിന്ന് ശേഖരിച്ച ഡി.എൻ.എ സാംപിളും ഒത്തുനോക്കിയാണ് പ്രതി നസീർ ആണെന്ന് ഉറപ്പിച്ചു.



