വാഷിങ്ടണ്‍ : ഇന്ത്യയിൽ നിന്നുള്ള അരി ഇറക്കുമതിക്കും കാനഡയിൽ നിന്നുള്ള വളം ഇറക്കുമതിക്കും പുതിയ തീരുവകൾ (Tariff) ഏർപ്പെടുത്തുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇരു രാജ്യങ്ങളുമായുള്ള വ്യാപാര ചർച്ചകൾ പുരോഗതിയില്ലാതെ തുടരുന്നതിനിടയിലാണ് ഈ നിർണായക പ്രഖ്യാപനം. ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതി അമേരിക്കൻ ഉത്പാദകരെ പ്രതിസന്ധിയിലാക്കുന്നുവെന്ന് ആരോപിച്ച ട്രംപ്, അമേരിക്കൻ ഉത്പാദകരെ സംരക്ഷിക്കാൻ തീരുവകൾ കർശനമായി ഉപയോഗിക്കാനാണ് താൻ ഉദ്ദേശിക്കുന്നതെന്നും ആവർത്തിച്ചു.
ഇറക്കുമതി ടാക്സിലൂടെ ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് അമേരിക്കൻ കർഷകർക്ക് 1200 കോടി ഡോളറിന്റെ സാമ്പത്തിക സഹായ പാക്കേജും അദ്ദേഹം പ്രഖ്യാപിച്ചു. അരി ഇറക്കുമതി അമേരിക്കൻ കർഷകർക്ക് നാശം വരുത്തുന്നതായി ലൂസിയാനയിൽ നിന്നുള്ള ഒരു കർഷകൻ ചൂണ്ടിക്കാട്ടിയപ്പോഴാണ് ട്രംപ് ഇന്ത്യയെ പ്രധാന ഉദാഹരണമായി പരാമർശിച്ചത്. “ഇന്ത്യ അവരുടെ അരി യുഎസിലേക്ക് തള്ളിവിടാൻ പാടില്ല. അത് പരിഹരിക്കാൻ തീരുവകൾക്ക് രണ്ട് മിനിറ്റിനുള്ളിൽ സാധിക്കും,” ട്രംപ് പറഞ്ഞു.



