വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും വിമർശനവുമായി ന്യൂയോർക്ക് മേയർ സ്ഥാനാർഥി സൊഹ്റാൻ മംദാനി. ന്യൂയോർക്കിൽ നടന്ന ദീപാവലി ആഘോഷങ്ങൾക്കിടെയാണ് വിമർശനം. എല്ലാ വിഭാഗം ആളുകളെയും എല്ലാ മതസ്ഥരേയും ഉൾക്കൊള്ളുന്ന ഇന്ത്യയെന്ന തന്റെ മനസിലെ സങ്കൽപ്പമാണ് മോദി വിമർശനത്തിന്റെ കാതലെന്ന് സൊഹ്റാൻ മംദാനി പറഞ്ഞു.
ഇന്ത്യയെ ചില വിഭാഗങ്ങൾക്ക് മാത്രം ഇടമുള്ള ഒരു സ്ഥലമാക്കി മാറ്റുകയാണ് മോദിയുടേയും ബി.ജെ.പിയുടെയും ലക്ഷ്യം. ബഹുസ്വരത ആഘോഷിക്കേണ്ട ഒന്നാണ്. അത് നിലനിർത്താനായി പരിശ്രമിക്കണമെന്നും സൊഹ്റാൻ മംദാനി പറഞ്ഞു. 8.5 മില്യൺ ജനസംഖ്യയുള്ള ന്യൂയോർക്ക് സിറ്റിയിൽ എല്ലാവരേയും പരിഗണിക്കേണ്ടയാളാണ് ഞാൻ. ന്യൂയോർക്ക് സിറ്റിയിലെ എല്ലാ ജനങ്ങൾക്കും എന്റെ സ്വഭാവം വേണമെന്ന് വാശിപിടിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിനുള്ള ഡെമോക്രാറ്റിക് സ്ഥാനാർഥിയായതിന് പിന്നാലെ മംദാനി നരേന്ദ്ര മോദിയെ വിമർശിക്കുന്ന ഒരു വിഡിയോ പുറത്ത് വന്നിരുന്നു. 2002ലെ ഗുജറാത്ത് കലാപത്തിന് ഉത്തരവാദി മോദിയാണെന്ന മംദാനി പറയുന്ന വിഡിയോയാണ് പുറത്ത് വന്നത്. മുസ്‍ലിംകളെ മേഖലയിൽ നിന്ന് തുടച്ചുനീക്കുന്നതിന് വേണ്ടിയായിരുന്നു കലാപമെന്നും മംദാനി പറഞ്ഞിരുന്നു.



