വാഷിങ്ടൻ: താരിഫ് ഭീഷണിയുയർത്തി ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയിൽ സമാധാനം കൊണ്ടുവന്നെന്ന് വീണ്ടും ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആണവശക്തിയുള്ള രണ്ട് അയൽക്കാർ തമ്മിൽ സന്ധി ചെയ്യാൻ കാരണമായത് തന്റെ തീരുവ ഭീഷണി മൂലമാണ്. താരിഫ് മൂലം യുഎസിനു ശതകോടിക്കണക്കിന് ഡോളറുകൾ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തീരുവ സംബന്ധിച്ച നിലപാട് മാറ്റുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് വൈറ്റ് ഹൗസിൽ വച്ച് മറുപടി പറയുകയായിരുന്നു അദ്ദേഹം.
‘‘എനിക്ക് താരിഫിനുമേലുള്ള അധികാരം ഇല്ലായിരുന്നുവെങ്കിൽ ഇപ്പോഴും നാലോ ഏഴോ യുദ്ധങ്ങൾ നടന്നുകൊണ്ടിരുന്നേനെ. ഇന്ത്യയെയും പാക്കിസ്ഥാനെയും നോക്കിയാൽ ഇരുരാജ്യങ്ങളും യുദ്ധത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. ഏഴു വിമാനങ്ങളാണ് വെടിവച്ചിട്ടത്. എന്താണ് ഞാനവരോടു പറഞ്ഞതെന്നു പറയാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ, എന്തു പറഞ്ഞോ അതു കാര്യമായി സ്വാധീനിച്ചു. ഞങ്ങൾ ശതകോടിക്കണക്കിന് ഡോളർ വരുമാനം നേടിയെന്നുമാത്രമല്ല, താരിഫ് കൊണ്ട് സമാധാനം ഉണ്ടാക്കുകയും ചെയ്തു. താരിഫ് യുഎസിന് വളരെ പ്രധാനപ്പെട്ടതാണ്’’ – ട്രംപ് പറഞ്ഞു.



