ലഹോര്‍: ഇന്ത്യ അതിർത്തിയിൽ വൃത്തികെട്ട കളി കളിക്കാൻ സാധ്യതയുണ്ടെന്ന് പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഒരു ടെലിവിഷൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിര്‍ത്തിയില്‍ ഇന്ത്യ വൃത്തികെട്ട കളികള്‍ കളിക്കാന്‍ ശ്രമിക്കുമോ എന്ന് ചോദിച്ചപ്പോഴാണ് അത് തള്ളിക്കളയാനാവില്ലെന്ന് ഖ്വാജ ആസിഫ് പറഞ്ഞത്. അതിന് വലിയ സാധ്യതകളുണ്ടെന്നും ഖ്വാജ ആസിഫ് പറഞ്ഞു.
‘‘പ്രതികരിക്കാനുള്ള തന്ത്രങ്ങള്‍ ഇതിനകം രൂപപ്പെടുത്തിയിട്ടുണ്ട്. എനിക്കത് പരസ്യമായി ചര്‍ച്ച ചെയ്യാന്‍ കഴിയില്ല. പക്ഷേ, ഏതു സാഹചര്യത്തെയും നേരിടാന്‍ ഞങ്ങള്‍ തയാറാണ്. രാജ്യത്ത് താമസിക്കുന്ന അഫ്ഗാനികള്‍ ഭീകരവാദമല്ലാതെ മറ്റൊന്നും പാക്കിസ്ഥാനു നല്‍കിയിട്ടില്ല. പാക്കിസ്ഥാനില്‍ അനധികൃതമായി താമസിക്കുന്ന അഫ്ഗാനികള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി ആരംഭിച്ചു. അഫ്ഗാനികള്‍ തിരികെ പോകണം. കഴിഞ്ഞ അമ്പതു വര്‍ഷത്തിനിടയിലെ അഫ്ഗാനിസ്ഥാനിലെ എല്ലാ ഭരണാധികാരികളും 1970കളിലോ 80കളിലോ 90കളിലോ ഈ നൂറ്റാണ്ടിലോ ആകട്ടെ, പാക്കിസ്ഥാനിൽ അഭയം തേടിയിട്ടുണ്ട്. ഞാന്‍ അവരുടെ പേര് പറയാന്‍ ആഗ്രഹിക്കുന്നില്ല, പക്ഷേ, അവരാരും പാക്കിസ്ഥാന്റെ സഹായം അംഗീകരിച്ചിട്ടില്ല. അവരില്‍നിന്ന് ഞങ്ങള്‍ക്ക് എന്ത് കിട്ടി ? ഭീകരവാദമല്ലാതെ മറ്റെന്താണ് അവര്‍ ഞങ്ങള്‍ക്ക് തന്നത് ? ഈ ബന്ധങ്ങള്‍ കാരണം പാക്കിസ്ഥാന് സ്വന്തം സമാധാനം നശിച്ചു’’ – ഖ്വാജ ആസിഫ് പറഞ്ഞു.
‘‘ഇപ്പോള്‍ സ്ഥിതി മെച്ചപ്പെടുമ്പോള്‍ എന്തുകൊണ്ട് അവര്‍ തിരികെ പോകുന്നില്ല ? വെടിനിര്‍ത്തല്‍ നിലനില്‍ക്കുമോ എന്ന് എനിക്ക് സംശയമുണ്ട്. കാരണം താലിബാന്റെ തീരുമാനങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യയാണ്. ഇന്ത്യയ്ക്കുവേണ്ടി അഫ്ഗാനിസ്ഥാൻ നിഴല്‍യുദ്ധം നടത്തുകയാണ്. അഫ്ഗാന്‍ വിദേശകാര്യ മന്ത്രി ഒരാഴ്ച നീണ്ട ഇന്ത്യാ സന്ദര്‍ശനത്തിനു ശേഷം തിരിച്ചെത്തിയിട്ടുണ്ട്. അദ്ദേഹം എന്ത് പദ്ധതിയാണ് നടപ്പിലാക്കുന്നതെന്ന് കണ്ടറിയണം’’ – ഖ്വാജ ആസിഫ് പറഞ്ഞു.



