ഇന്ത്യ- പാക് സംഘർഷം ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. നിരപരാധികളെ ലക്ഷ്യം വെക്കുന്ന നടപടി അംഗീകരിക്കാനാവില്ല. സൈനിക നടപടി പരിഹാരമല്ലെന്നും യുഎൻ സെക്രട്ടറി ജനറൽ പറഞ്ഞു. ഇന്ത്യാ-പാക് സംഘർഷം ലഘൂകരിക്കാനുള്ള നടപടി വേണമെന്നും യുഎൻ സെക്രട്ടറി ജനറൽ ആവശ്യപ്പെട്ടു.
അതേസമയം, നിയന്ത്രണ രേഖയ്ക്ക് സമീപം ഏതുസമയവും ഇന്ത്യ സൈനിക ആക്രമണം നടത്തുമെന്ന റിപ്പോർട്ടുകൾ ഉണ്ടെന്ന് പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. അങ്ങനെ ഉണ്ടായാൽ ഉചിതമായ മറുപടി നൽകുമെന്നും മുന്നറിയിപ്പ് നൽകി.
അതിനിടെ നിയന്ത്രണരേഖയില്‍ പാകിസ്താൻ പ്രകോപനം തുടരുകയാണ്. തുടര്‍ച്ചയായ 11-ാം ദിവസവും പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. കുപ് വാര, ബാരാമുള്ള, പൂഞ്ച്, രജൗരി, മെന്ദാര്‍, നൗഷേര, സുന്ദര്‍ബാനി, അഖ്‌നൂര്‍ എന്നീ മേഖലകളിലാണ് പാക് സൈന്യം വെടിവെപ്പ് നടത്തിയത്. ഇന്ത്യൻ സൈന്യം തിരിച്ചടിച്ചു.
അതിനിടെ ജമ്മു കശ്മീരിലെ ജയിലുകളില്‍ ഭീകരാക്രണം ഉണ്ടായേക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചു. സംസ്ഥാനത്തെ ജയിലുകളില്‍ സുരക്ഷ ശക്തമാക്കി. ശ്രീനഗര്‍ സെന്‍ട്രല്‍ ജയില്‍, ജമ്മു കോട്ട് ബല്‍വാല്‍ ജയില്‍ എന്നിവ ഭീകരര്‍ ലക്ഷ്യമിടുന്നതായാണ് മുന്നറിയിപ്പ്. അതിനിടെ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയെന്ന അവകാശവാദവുമായി പാകിസ്താൻ രംഗത്തെത്തി. പ്രാദേശിക ഭീകരർക്കെതിരായ നടപടിയുടെ ഭാഗമായി 90 പേർക്കെതിരെ പബ്ലിക് സേഫ്റ്റി ആക്ട് ( PSA ) ചുമത്തി. 2800 പേരെ കസ്റ്റഡിയിൽ എടുത്തു.



