പട്‌ന: ഇന്ത്യ സ്‌നേഹത്തിന്റെ രാജ്യമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വെറുപ്പിന്റെ രാജ്യമല്ല ഇന്ത്യ, മറിച്ച് സ്‌നേഹത്തിന്റേതാണ്. ഇവിടെ സ്‌നേഹത്തിന്റെ കട തുറക്കുമെന്നും രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു. ബിഹാറിലെ പട്‌നയില്‍ ജന്‍ വിശ്വാസ് മഹാറാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.
മാറ്റത്തിന്റെ കാറ്റ് ബിഹാറില്‍ തുടങ്ങുകയാണ്. ഇത് ആശയങ്ങളുടെ പോരാട്ടം. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല. കര്‍ഷകര്‍ക്കും യുവാക്കള്‍ക്കും വേണ്ടി ഒന്നും ചെയ്തിട്ടില്ല. രാജ്യത്ത് അനീതി നടക്കുകയാണ്. അത് മറക്കാന്‍ വേണ്ടിയാണ് വിദ്വേഷം പ്രചരിപ്പിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എല്ലാ മേഖലയും മോദി സര്‍ക്കാര്‍ തകര്‍ത്തു. ബിഹാറില്‍ ആരംഭിച്ച ഈ കൊടുംകാറ്റ് രാജ്യത്താകമാനം ആഞ്ഞടിക്കും. ബിജെപിയെയും ആര്‍എസ്എസിനെയും പുറത്താക്കി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
നരേന്ദ്രമോദി നുണ ഫാക്ടറി ആണെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവും കടന്നാക്രമിച്ചു. ദാരിദ്ര്യവും തൊഴിലില്ലായ്മയും മറക്കാനായി പ്രധാനമന്ത്രി നുണ പറയുകയാണ്. കണ്ണട തുടച്ച് യാഥാര്‍ത്ഥ്യങ്ങള്‍ കാണാന്‍ ശ്രമിക്കണമെന്നും തേജസ്വി യാദവ് വിമര്‍ശിച്ചു.
‘നരേന്ദ്രമോദിയുടെ ഗ്യാരണ്ടി’യെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും വേദിയില്‍ പരിഹസിച്ചു. രാജ്യത്ത് നല്‍കിയ ഒരു വാഗ്ദാനവും പാലിക്കാതെയാണ് മോദി ഗ്യാരണ്ടിയെക്കുറിച്ച് സംസാരിക്കുന്നതെന്ന് ഖര്‍ഗെ വിമര്‍ശിച്ചു. രണ്ട് കോടി തൊഴില്‍ അവസരമെന്ന വാഗ്ദാനം എന്തായി എന്ന് ചോദിച്ച ഖര്‍ഗെ പൗരന്മാരുടെ അക്കൗണ്ടിലേക്ക് 15 ലക്ഷം വന്നോയെന്നും ചോദിച്ചു. രാജ്യത്തെ യുവതയ്ക്ക് തൊഴിലില്ല. ജനങ്ങള്‍ ആത്മഹത്യ ചെയ്യുകയാണ്. കബളിപ്പിക്കലാണ് മോദിയുടെ ഗ്യാരണ്ടിയെന്നും ഖര്‍ഗെ കുറ്റപ്പെടുത്തി. മോദിയെ മാറ്റാതെ ജനാധിപത്യവും ഭരണഘടനയും സംരിക്ഷിക്കപ്പെടില്ലെന്നും ഖര്‍ഗെ പറഞ്ഞു.
ഇന്‍ഡ്യ മുന്നണിയിലെ പ്രധാനപ്പെട്ട നേതാക്കള്‍ പങ്കെടുക്കുന്ന റാലി ഗാന്ധി മൈതാനത്താണ് നടക്കുന്നത്. ഇന്‍ഡ്യമുന്നണി രൂപീകരിച്ച ശേഷം സംഘടിപ്പിക്കുന്ന ആദ്യ പൊതു സമ്മേളനം ആണിത്. ആര്‍ജെഡി നേതാവ് തേജസ്വി യാദവ് നടത്തിയ യാത്രയുടെ സമാപന സമ്മേളനമാണ് പ്രതിപക്ഷനിരയുടെ ഐക്യവേദിയായി മാറിയത്.