തെഹ്റാൻ: അമേരിക്കയും ഇസ്രായേലും ഇറാനിൽ നടത്തിയ ആക്രമണങ്ങളിൽ രാജ്യവ്യാപകമായി 1,25,630 സിവിലിയൻ കേന്ദ്രങ്ങൾ തകർന്നതായി റിപ്പോർട്ട്. ഇറാനിയൻ റെഡ് ക്രസന്റ് സൊസൈറ്റി മേധാവിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ ഇർണ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
തകർന്നവയിൽ 23,500 എണ്ണം വ്യാപാര സ്ഥാപനങ്ങളും വാണിജ്യ കേന്ദ്രങ്ങളുമാണ്. ഇത് സാധാരണക്കാരുടെ ഉപജീവനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. കൂടാതെ ആശുപത്രികൾ, ഫാർമസികൾ, ലബോറട്ടറി, ഹെൽത്ത് സെന്ററുകൾ, എമർജൻസി റൂമുകൾ എന്നിവയുൾപ്പെടെ 339 മെഡിക്കൽ കേന്ദ്രങ്ങൾ ആക്രമണത്തിൽ തകർന്നിട്ടുണ്ട്. ജനവാസ മേഖലകളിലുണ്ടായ ഈ കനത്ത നാശനഷ്ടങ്ങൾ ഇറാനിലെ സമാധാനാന്തരീക്ഷത്തെയും ജനജീവിതത്തെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
പാകിസ്താന്റെ നേതൃത്വത്തിൽ ഇസ്ലാമാബാദിൽ സമാധാന ചർച്ചകൾക്ക് കളമൊരുങ്ങുന്നതിനിടെ പുറത്തുവന്ന ഈ കണക്കുകൾ അതീവ ഗൗരവത്തോടെയാണ് അന്താരാഷ്ട്ര സമൂഹം വീക്ഷിക്കുന്നത്. സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ വൻ മാനുഷിക പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചതായും റെഡ് ക്രസന്റ് അധികൃതർ ചൂണ്ടിക്കാട്ടി.



